നെയ്യാറ്റിൻകര : നെറ്റ്‌വർക്കിലെ തകരാർ കാരണം റേഷൻ കടകളിലെ ഇ-പോസ് യന്ത്രം പ്രവർത്തനരഹിതമാകുന്നത് പതിവാകുന്നു. ഇതുകാരണം താലൂക്കിലെ റേഷൻ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്.
റേഷൻ കടകളിൽ ഉപഭോക്താവ് ഇ-പോസ്(ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ) മെഷീനിൽ വിരലടയാളം പതിപ്പിച്ചാൽ മാത്രമേ റേഷൻ വിതരണം നടത്താൻ കഴിയൂ. ഇ-പോസ് യന്ത്രം പ്രവർത്തിക്കണമെങ്കിൽ നെറ്റ്‌വർക്ക് കണക്ഷൻ ഉണ്ടാകണം.
പൊതുവിതരണ വകുപ്പ് എല്ലാ റേഷൻ കടകൾക്കുമായി ബി.എസ്.എൻ.എല്ലിനെയാണ് നെറ്റ്‌വർക്ക് കണക്ഷനായി ആശ്രയിക്കുന്നത്. എന്നാൽ, ബി.എസ്.എൻ.എല്ലിലെ സാങ്കേതിക തകരാറുകൾ കാരണം നെറ്റ്‌വർക്ക് കണക്ഷൻ ലഭിക്കാറില്ല. ഇതുമൂലം ഒരാഴ്ചയായി താലൂക്കിലെ വിവിധ റേഷൻ കടകളിൽ ഇ-പോസ് മെഷീൻ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല.
താലൂക്കിൽ 395 റേഷൻ കടകളാണുള്ളത്. ഇതിൽ ഭൂരിഭാഗം കടകളിലും നെറ്റ്‌വർക്ക് പ്രശ്‌നമുണ്ട്.
ഇ-പോസ് മെഷീൻ പ്രവർത്തിപ്പിക്കാൻ കഴിയാത്തതുകാരണം ഭക്ഷ്യസാധനങ്ങൾ വാങ്ങാനായി എത്തുന്നവർ വെറുംകൈയോടെ മടങ്ങുകയാണ്. പലപ്പോഴും ഉപഭോക്താക്കളും റേഷൻ വ്യാപാരികളും തമ്മിൽ വാക്കുതർക്കവുമുണ്ടാകുന്നു.
കോവിഡ് കാലമായതിനാൽ തീരദേശത്തുൾപ്പെടെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ചെയ്യാനുണ്ട്. എന്നാൽ, ഇ-പോസിലെ തകരാർ പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തകരാർ ഉടൻ പരിഹരിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാറും ജനറൽ സെക്രട്ടറി മംഗലത്തുകോണം മോഹനനും ആവശ്യപ്പെട്ടു.
നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടിയായതായി താലൂക്ക് സപ്ലൈ ഓഫീസർ ഗോപകുമാർ പറഞ്ഞു. നെറ്റ്‌വർക്ക് പ്രശ്‌നം ഉണ്ടാകുന്ന കടകളിൽ വേറെ നെറ്റ്‌വർക്ക് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.