ആറ്റിങ്ങൽ : ആറ്റിങ്ങൽ ബൈപ്പാസിന്റെ നിർമാണവുമായി ബന്ധപ്പെട്ട അന്തിമ വിജ്ഞാപനം 10 ദിവസത്തിനകമുണ്ടാകുമെന്ന് അടൂർ പ്രകാശ് എം.പി. വിജ്ഞാപനം വരുന്നതോടെ റോഡ് നിർമാണത്തിന്റെ കടമ്പകളെല്ലാം പൂർത്തിയാകും.
കടമ്പാട്ടുകോണം മുതൽ കഴക്കൂട്ടം വരെയുള്ള 30.08 കിലോമീറ്റർ റോഡിന്റെ നിർമാണത്തിനായി 3 എ വിജ്ഞാപനം വന്ന് നടപടികൾ പൂർത്തിയായിട്ടുണ്ട്. നേരത്തേ മൂന്നുതവണ വിജ്ഞാപനം വന്നെങ്കിലും 3 ഡി വിജ്ഞാപനത്തിലേക്കു കടക്കാനായിരുന്നില്ല. 3 എ വിജ്ഞാപനം നീട്ടിക്കിട്ടുന്നതിന് പാർലമെന്റിൽ നവംബർ 18-ന് സബ്മിഷൻ ഉന്നയിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും 3 എ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ജൂണിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനത്തെത്തുടർന്ന് സമയപരിധിക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്കു കഴിഞ്ഞില്ല.
കോടതിയുടെ നിർദേശപ്രകാരം രൂപരേഖ സംബന്ധിച്ച പരാതികൾ ചൊവ്വാഴ്ച ദേശീയപാത അതോറിറ്റിയുടെ പ്രോജക്ട് ഡയറക്ടർ പരിശോധിച്ച് റിപ്പോർട്ട് നല്കും. അത് കഴിഞ്ഞാലുടൻ അന്തിമ വിജ്ഞാപനം വരുമെന്നും എം.പി. അറിയിച്ചു.