തിരുവനന്തപുരം : വിമാനത്താവളത്തിനു സമീപത്തെ അനധികൃത ഇറച്ചിവില്പനകേന്ദ്രങ്ങൾ നഗരസഭാ ആരോഗ്യ വിഭാഗം പൂട്ടിച്ചു. മുട്ടത്തറ പൊന്നറപ്പാലം മുതൽ വലിയതുറ സെന്റ് സേവ്യേഴ്‌സ് റോഡ് വരെയുള്ള ഭാഗത്താണ് അനധികൃത കടകൾ പ്രവർത്തിച്ചിരുന്നത്. ഒമ്പത് കടകളാണ് പൂട്ടിച്ചത്. ഈ കടകൾക്ക് നേരത്തെതന്നെ കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നതാണ്. ഇവ അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ അറിയിച്ചു.
വിമാനങ്ങൾക്കു ഭീഷണിയാകുന്ന തരത്തിൽ പക്ഷികൾ കൂടുതലെത്തുന്നത് ഇത്തരം കടകളിൽനിന്നു മാലിന്യം വലിച്ചെറിയുന്നതിനാലാണെന്ന് പരാതി ഉയർന്നിരുന്നു. ഈ കടകളിൽനിന്നും മാംസാവശിഷ്ടങ്ങൾ റൺവേയ്ക്കു സമീപംവരെ തള്ളുന്നുണ്ട്.
പക്ഷികൾ ഇടിച്ച് വിമാനങ്ങൾക്ക് കേടുപാടുകളുമുണ്ടായിരുന്നു. ഈ കടകൾക്കു പിന്നിൽ തന്നെയാണ് അനധികൃത അറവുശാലകളും പ്രവർത്തിക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കടകൾ പ്രവർത്തിച്ചിരുന്നത്.
ഈ കടകൾക്കെതിരേ വിമാനത്താവള അധികൃതർ നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു.