തിരുവനന്തപുരം : വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവരുടെ നിരീക്ഷണം ഉറപ്പാക്കുന്നതിനായി സൈബർസെൽ വിഭാഗം പ്രൈമറി സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഗൂഗിൾ മാപ്പിങ് തയ്യാറാക്കി.
ക്വാറന്റീനിൽ കഴിയുന്ന ആളുകളുടെ നിരീക്ഷണം ഉറപ്പാക്കുന്നതിനായി ആപ് ഉപയോഗിച്ച് കർശന നിരീക്ഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
സമ്പർക്ക വ്യാപനം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങൾ ഉൾപ്പെടുന്ന ക്രിട്ടിക്കൽ കൺടെയ്‌ൻമെന്റ് സോണുകളിലും നഗരപ്രദേശങ്ങളിലെ കൺടെയ്‌ൻമെന്റ് സോണുകളിലും അതിർത്തികൾ അടച്ചുകൊണ്ടുള്ള പോലീസ് നിരീക്ഷണവും പരിശോധനയും രാത്രിയും പകലും ശക്തമായി തുടരും.
കുടപ്പനക്കുന്ന്, കുര്യാത്തി, കാലടി എന്നീ വാർഡുകളിലെ പുതുതായി പ്രഖ്യാപിച്ച കൺടെയ്‌ൻമെന്റ് സോണുകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്‌ഡൗൺ വിലക്കു ലംഘനം നടത്തിയ 30 പേർക്കെതിരേ കേസെടുത്തു. മാർഗനിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 10 വാഹനങ്ങൾക്കെതിരേയും നിയമനടപടികൾ സ്വീകരിച്ചു.
കുടപ്പനക്കുന്ന്, കുര്യാത്തി, കാലടി വാർഡുകളിലെ ഭാഗങ്ങൾ അടച്ചു
ഹാർവിപുരം ഫസ്റ്റ് ലെയ്ൻ എൻട്രി, ഹാർവിപുരം സെക്കൻഡ് ലെയ്ൻ എക്‌സിറ്റ് പോയിന്റ്, കുര്യാത്തി റൊട്ടിക്കട ജങ്‌ഷൻ എൻട്രി എക്‌സിറ്റ് പോയിന്റ്, കാലടി കാവാലി ജങ്‌ഷൻ എൻട്രി പോയിന്റും മരുതൂർക്കടവ് എക്‌സിറ്റ് പോയിന്റും കുടപ്പനക്കുന്ന് വാർഡിലെ കൺടെയ്‌ൻമെന്റ് സോൺ എന്നിവിടങ്ങളിൽ ശക്തമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ഇവിടേക്കു കടന്നുവരുന്ന വഴികൾ പോലീസ് ബാരിക്കേഡ് വെച്ച് പൂർണമായും അടച്ചു.
ഇവിടേക്കു ആരെയും പ്രവേശിക്കാൻ അനുവദിക്കില്ല. മെഡിക്കൽ ആവശ്യങ്ങൾക്ക് അല്ലാതെ ആരെയും പുറത്തേക്കു വിടില്ല. മെഡിക്കൽ സ്റ്റോറുകൾ ഈ സോണിൽ തുറക്കാം.