വെട്ടേറ്റ് കൈ അറ്റ് തൂങ്ങി

പോത്തൻകോട് : മറുനാടൻ തൊഴിലാളി ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ചു. ഛത്തീസ്ഗഢ്‌ ബിലാസ്‌പൂർ ഖോടരി സ്വദേശി കുശാൽ സിങ്‌ മറാബി(31)യാണ് ഭാര്യ സീതാ ഭായിയെയും മകൻ അരുൺ സിങ്ങി(6)നെയും വെട്ടുകത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാവിലെ പോത്തൻകോട് പൂലന്തറയിൽ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. വെട്ടേറ്റ് കൈ അറ്റു തൂങ്ങിയ നിലയിലാണ് സീതാ ഭായിയെ സമീപവാസികൾ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോത്തൻകോട് പോലീസ് സ്ഥലത്തെത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയത്. ഇരുവർക്കും തലയ്ക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ പോലീസ് കുശാൽ സിങ്‌ മറാബിയെ അറസ്റ്റുചെയ്തു. തെങ്ങുകയറ്റ തൊഴിലിനായി അടുത്ത കാലത്താണ് ഇവർ കേരളത്തിലെത്തിയത്.

കുംടുംബവഴക്കാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.