തിരുവനന്തപുരം : വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ മത്സരിച്ച യു.ഡി.എഫ്. സ്ഥാനാർഥി വീണ എസ്.നായരുടെ പോസ്റ്റർ ആക്രിക്കടയിൽ വിറ്റ കോൺഗ്രസ് പ്രവർത്തകനെ പാർട്ടിയിൽനിന്നും പുറത്താക്കി. ഡി.സി.സി. നിയോഗിച്ച സമിതി കുറ്റക്കാരനെന്നു കണ്ടെത്തിയ കുറവൻകോണം മണ്ഡലം കോൺഗ്രസ് ട്രഷറർ വി.ബാലുവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും പുറത്താക്കിയതായി ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അറിയിച്ചു.

പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയ ഈ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും മണ്ഡലം വാർഡ് ബൂത്ത് കോൺഗ്രസ് കമ്മിറ്റികളോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അറിയിച്ചു.

പോസ്റ്ററുകൾ ആക്രിക്കടയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ സംഭവം പാർട്ടി അന്വേഷിക്കട്ടെയെന്ന് വീണ എസ്.നായർ പ്രതികരിച്ചു. തന്നോടൊപ്പം നിന്നവർ ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല. പാർട്ടിതന്നെ ഏൽപ്പിച്ച ദൗത്യം ഭംഗിയായി ചെയ്തു. വട്ടിയൂർക്കാവിലെ പ്രചാരണ പ്രവർത്തനങ്ങളിൽ തോന്നിയ അതൃപ്തികൾ അതത് സമയത്ത് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും വീണ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് നന്തൻകോട്ടുള്ള ആക്രിക്കടയിൽ വീണയുടെ പ്രചാരണത്തിനായി അച്ചടിച്ച 50 കിലോ പോസ്റ്ററുകൾ കൊണ്ടുവന്ന് വിറ്റത്.

കുറവൻകോണം മേഖലയിൽ പ്രചാരണത്തിനായി വിതരണംചെയ്ത പോസ്റ്ററുകളാണ് ഇവ. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ മ്യൂസിയം പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.