മംഗലപുരം : കാറിൽ വന്ന ആഭരണക്കടയുടമയെ ദേശീയപാതയിൽ പള്ളിപ്പുറത്തുവച്ച് ആക്രമിച്ച് നൂറു പവനോളം സ്വർണം കവർന്നു. കാർ തടഞ്ഞുനിർത്തി മുളകുപൊടിയെറിഞ്ഞ് വെട്ടിപ്പരിക്കേല്പിച്ച ശേഷമായിരുന്നു കവർച്ച. കാർ ഡ്രൈവറെ മർദ്ദിച്ച് വഴിയിലുപേക്ഷിച്ച നിലയിലും കണ്ടെത്തി.

സ്വർണ ഉരുപ്പടികൾ നിർമിച്ച് ആഭരണക്കടകൾക്കു നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെ(47)യും ഡ്രൈവർ അരുണിനെയുമാണ് വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ മംഗലപുരം കുറക്കോട് ടെക്നോസിറ്റിക്കു സമീപം അജ്ഞാതസംഘം ആക്രമിച്ചത്. കാറിൽ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്നാണ്‌ ഇവർ പറയുന്നത്. പാറശ്ശാല ഭാഗത്തുനിന്നാണ് കാർ വന്നത്. രണ്ട് കാറുകളിലായെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. മുന്നിലെ കാറിലെത്തിയവർ കുറക്കോടുവച്ച് സമ്പത്തിന്റെ കാർ തടഞ്ഞു. കാർ നിർത്തിയ ഉടൻ മുന്നിലും പിന്നിലുമായി വന്നവർ ചാടിയിറങ്ങി വെട്ടുകത്തി വച്ച് ഗ്ലാസ് തകർത്ത് മുഖത്തേക്ക് മുളകുപൊടിയെറിയുകയായിരുന്നു. ആറ്റിങ്ങലിലെ ഒരു സ്വർണക്കടയിൽ കൊടുക്കാൻ കൊണ്ടുവന്ന 788 ഗ്രാം സ്വർണമാണ് നഷ്ടമായത്.

ഡ്രൈവർ അരുണിനെ കാറിൽനിന്നിറക്കി അക്രമികൾ വന്ന കാറിൽ കയറ്റി മർദിച്ച് വാവറയമ്പലത്തിനു സമീപം വാഹനത്തിൽനിന്നു തള്ളിയിട്ടു. സമ്പത്തിന് കൈക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മംഗലപുരം പോലീസ് അന്വേഷണമാരംഭിച്ചു. ആറ്റിങ്ങൽ ഡിവൈ.എസ്.പി. സി.എസ്.ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വഴിയിലെ സി.സി. ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. സ്വർണം കൊണ്ടുവരുന്നതറിഞ്ഞ് നേരത്തേ പദ്ധതി തയ്യാറാക്കിയെത്തിയ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസ് കരുതുന്നത്.