പൂവാർ : മുന്നറിയിപ്പില്ലാതെ പോലീസ് കടകൾ നേരത്തേ അടപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് നിത്യോപയോഗ സാധനങ്ങൾ വാങ്ങാനെത്തിയവരും നാട്ടുകാരും നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങി.
പ്രതിഷേധമറിയിക്കാൻ നാട്ടുകാർ പുല്ലുവിള പള്ളിയങ്കണത്തിൽ തടിച്ചുകൂടി. പോലീസിനു നിയന്ത്രിക്കാനാവാത്ത തരത്തിലാണ് പ്രതിഷേധം നടന്നത്. കോവിഡ് സമൂഹവ്യാപനത്തിൽ നിൽക്കുന്ന പുല്ലുവിളയിൽ സാമൂഹികാകലം പോലും പാലിക്കാതെ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങത് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് പുല്ലുവിളയിലെ ജനങ്ങൾ തെരുവിലിറങ്ങിയത്. ക്രിട്ടിക്കൽ കൺടെയ്‌ൻമെന്റ് സോണായ തീരദേശത്തെ ലോക്ഡൗൺ 16 വരെ ദീർഘിപ്പിച്ചു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ 11.30-ന് പോലീസ് അടപ്പിച്ചു. കഴിഞ്ഞ ദിവസം വരെ ഇവിടെ കടകൾ രണ്ടുമണി വരെ തുറന്നിരുന്നു. ഇത്തരം കടകളാണ് േപാലീസ് നേരത്തേ അടപ്പിച്ചത്. ഇതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനക്കൂട്ടം പള്ളിയങ്കണത്തിലെത്തി. പ്രതിഷേധം മണിക്കൂറുകൾ നീണ്ടു. ഒടുവിൽ ഡെപ്യൂട്ടി കളക്ടറുടെ സാന്നിധ്യത്തിൽ ശനിയാഴ്ച ചർച്ച നടത്താമെന്ന് അറിയിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
പുല്ലുവിളയിൽനിന്നു സമീപപ്രദേശത്തേക്കു പോകാനുള്ള വഴികൾ പോലീസ് അടച്ചു. ഇതും ജനത്തെ പ്രകോപിപ്പിച്ചു. ആഴ്ചകളായി ഇല്ലാത്ത നിയന്ത്രണം മുന്നറിയിപ്പില്ലാതെ നടപ്പാക്കി. ദുരന്തനിവാരണ അതോറിറ്റി കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. യോഗത്തെത്തുടർന്ന് ഡി.ഐ.ജി. ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ തീരദേശത്ത് പരിശോധന നടത്തുകയും ചെയ്തു.
പോലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കു വരുന്നതറിഞ്ഞ പോലീസ്, കടകളും ഇടവഴികളും അടയ്ക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ശക്തമായ പ്രതിഷേധമുണ്ടായതിനെ തുടർന്ന് നിരവധിപ്പേർ പള്ളിയങ്കണത്തിലേക്ക് എത്തി. ഇതിനിടെ, ചിലർ ചേർന്ന് കൂട്ടമണി മുഴക്കി. അപ്പോഴേക്കും വൻ ജനക്കൂട്ടം പള്ളിയിലെത്തി.
പോലീസുമായി ശക്തമായ വാക്കേറ്റവുമുണ്ടായി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി. സ്ഥലത്തെത്തി ജനക്കൂട്ടത്തെ തിരിച്ചയച്ചു.