കാർ അടിച്ച് തകർത്തു

വിഴിഞ്ഞം : സി.പി.എം. വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്റ്റാൻലിയുടെ വീടിനു നേരേ ആക്രമണം. വെങ്ങാനൂർ കല്ലുവെട്ടാൻകുഴി പഴവിളയിലെ വീടിന്റെ ജനാലകളും വാതിലുകളും അടിച്ച് തകർത്തു. വിഴിഞ്ഞം ഹാർബറിന് സമീപത്ത് പാർക്ക് ചെയ്തിരുന്ന സ്റ്റാൻലിയുടെ കാറും ബുധനാഴ്ച വൈകീട്ട് തകർത്തിരുന്നു.

കാർ തകർത്ത സംഭവത്തിൽ വിഴിഞ്ഞം പോലീസിൽ പരാതി നൽകിയതിനു ശേഷമാണ് മൂന്നുപേർ രാത്രി ബൈക്കിലെത്തി വീട് അടിച്ചു തകർത്തത്. രാത്രി എട്ടോടെയാണ് രണ്ടാമത്തെ സംഭവമെന്ന് സ്റ്റാൻലി പറഞ്ഞു. ബൈക്കിലെത്തിയവർ വാളുമായി വീട്ടിലെത്തിയശേഷം വീട്ടുകാരെ ഓടിച്ചു. തുടർന്ന് വീടിനുള്ളിലും വരാന്തയിലുമുണ്ടായിരുന്ന വീട്ടുപകരണങ്ങൾ വെട്ടിനശിപ്പിച്ചെന്നും പരാതിയുണ്ട്. തുടർന്ന് വീടിന്റെ മുൻവാതിൽ, ജനാലകൾ എന്നിവയും അടിച്ചുതകർത്തു. ബഹളം വെച്ച വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വീട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് വിഴിഞ്ഞം പോലീസിൽ രണ്ടാമതും പരാതി നൽകി. പോലീസ് കേസെടുത്തു.