തിരുവനന്തപുരം : ശനിയാഴ്ച മുതൽ സമ്പൂർണ ലോക്ഡൗൺ ആണെന്നറിഞ്ഞതോടെ വ്യാഴാഴ്ച ആളുകൾ സാധനങ്ങൾ വാങ്ങാൻ കൂട്ടത്തോടെ പുറത്തിറങ്ങി. മിനി ലോക്ഡൗണും വകവയ്ക്കാതെയാണ് ജനം കടകളിലേക്ക് ഒഴുകിയെത്തിയത്. ഉച്ചയ്ക്കുശേഷം പോലീസ് പരിശോധനയും പേരിനുമാത്രമാക്കിയതോടെ പലയിടത്തും വലിയ ആൾക്കൂട്ടമുണ്ടായി.

ശനിയാഴ്ച മുതൽ ഒൻപതു ദിവസത്തേക്കാണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഇതിന്റെ വിശദാംശങ്ങൾ വരുന്നതിനുമുന്നെയാണ് ജനം അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി കടകളിലേക്കെത്തിയത്. ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലും വ്യാഴാഴ്ച തിരക്കനുഭവപ്പെട്ടു. സൂപ്പർമാർക്കറ്റുകൾ, റേഷൻ കടകൾ, ത്രിവേണി സ്റ്റോറുകൾ എന്നിവിടങ്ങളിലെല്ലാം തിരക്കനുഭവപ്പെട്ടു. പലയിടത്തും ടോക്കൺ നൽകിയാണ് ആളുകളെ അകത്തേക്ക് പ്രവേശിപ്പിച്ചത്. ഇവരോട് നിശ്ചിത സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങി പുറത്തിറങ്ങണമെന്നും ഉടമകൾ നിർദേശം നൽകി. ഇതോടെ കടകൾക്കു മുന്നിൽ നീണ്ട നിര രൂപപ്പെട്ടു. ചിലയിടങ്ങളിൽ പോലീസ് എത്തിയാണ് ജനത്തെ നിയന്ത്രിച്ചത്.

തിരക്കുകൂേട്ടണ്ട, കടകൾ രാത്രി 7.30 വരെ

:അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ലോക്ഡൗണിലും തുറക്കും. ഭക്ഷ്യം, ധാന്യം, പഴം, പച്ചക്കറി, പാൽ ഉത്പന്നങ്ങൾ, മത്സ്യം, ഇറച്ചി, ബേക്കറി തുടങ്ങിയ വിൽക്കുന്ന എല്ലാ കടകളും പ്രവർത്തിക്കും. റേഷൻകടകളും തുറക്കും. കാലിത്തീറ്റ ഉൾപ്പെടെയുള്ളവ വിൽക്കുന്ന കടകൾക്കും പ്രവർത്തിക്കാം.

എല്ലാകടകളും രാത്രി 7.30-ന് അടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഒന്നാം കോവിഡ് സമയത്തും ലോക്ഡൗൺ ദിനങ്ങളിൽ പഴം, പാൽ, പച്ചക്കറി മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവ വിൽക്കുന്ന കടകൾ തുറന്നിരുന്നു.