വിതുര : ഇടവിട്ട് ശക്തമായ മഴ പെയ്തതോടെ പകർച്ചവ്യാധി ഭീഷണിയിലാണ് മലയോരമേഖല. വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ പലയിടത്തും പനി ബാധിച്ചു തുടങ്ങി. ഈ സാഹചര്യം കണക്കിലെടുത്ത് പ്രതിരോധസംവിധാനങ്ങൾ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മുൻകാലങ്ങളിൽ മഴക്കാലത്തിനു ശേഷം പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പ്രദേശത്ത് പടർന്നുപിടിച്ചിരുന്നു. വിതുരയിലെ ആനപ്പാറ, കല്ലൻകുടി, മണലി, നെട്ടയം, അല്ലത്താര തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് നിരവധിപേരാണ് ചികിത്സ തേടിയെത്തിയത്. വിദ്യാർഥികളാണ് ഏറെ ദുരിതമനുഭവിച്ചത്. തൊളിക്കോട് പഞ്ചായത്തിലെ ചെട്ടിയാംപാറ, ചെരുപ്പാണി തുടങ്ങിയ ഊരുകളിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. മതിയായ ഗതാഗതസൗകര്യങ്ങൾ ഇല്ലാത്തത് അസുഖബാധിതരെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ തടസ്സമാകുന്നു എന്നും ആക്ഷേപമുണ്ട്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പകർച്ചവ്യാധികൾ തടയുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നാണ് ആവശ്യം.

വീട്ടുപരിസരത്തും പുരയിടത്തിലെ റബ്ബർചിരട്ടകളിലും കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക്‌ വളരുന്നതാണ് പ്രധാന പ്രശ്‌നം. ചിരട്ടകൾ കമിഴ്ത്തിവയ്ക്കാത്തതിനാൽ പലയിടത്തും മാസങ്ങളായി മലിനജലം കെട്ടിനിൽക്കുന്നതായി ആക്ഷേപമുണ്ട്. ഓടകളിൽ മാലിന്യം അടിഞ്ഞുകൂടിയതാണ് മറ്റൊരു പ്രശ്‌നം. പ്രധാന ജങ്ഷനുകളിലുൾപ്പെടെ ഇതാണ് അവസ്ഥ. പ്രദേശത്തെ ഓടകളിൽ പലതും കൊതുകിന്റെ കേന്ദ്രമാണ്. പഞ്ചായത്തുകളുടെ പ്രതിരോധ-ബോധവത്കരണ പരിപാടികൾ എല്ലാ മേഖലകളിലുമെത്തിയില്ല എന്ന പരാതി മുൻവർഷങ്ങളിൽ വ്യാപകമായിരുന്നു. റോഡിന്റെ വശങ്ങളിലെ വീടുകളിൽ മാത്രമാണ് ഇവ പ്രാവർത്തികമായതെന്നാണ് ആക്ഷേപം.

പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്തുകളിലെ ആരോഗ്യമേഖലയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിതുര താലൂക്കാശുപത്രി, തൊളിക്കോട്, മലയടി എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനമാണ് ഏറെ മെച്ചപ്പെടേണ്ടത്.

ചികിത്സാസൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ച് കഴിഞ്ഞ വർഷം ഏറെ പരാതിയുയർന്നിരുന്നു. ആദിവാസിമേഖലയിലുൾപ്പെടെ പനി മരണങ്ങളും നടന്നു.

ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും സേവനം ഉറപ്പാക്കുക, ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കിടത്തിച്ചികിത്സയ്‌ക്കുള്ള സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ട്.