കഴക്കൂട്ടം : ബൈക്കപകടത്തിൽ പരിക്കേറ്റ് ടെക്‌നോപാർക്കിലെ ഐ.ടി. കമ്പനി ഡയറക്ടർ മരിച്ചു. ടെക്‌നോപാർക്കിലെ ‘ഗൈഡ് ഹൗസ്‌’ എന്ന കമ്പനിയുടെ ഡയറക്ടർ

തൃശ്ശൂർ കോലഴി സുമൻ വിഹാറിൽ സുനോജ് കുമാർ(40) ആണ് മരിച്ചത്.

പരേതനായ കൃഷ്ണമൂർത്തിയുടെയും രാജലക്ഷ്മിയുടെയും മകനാണ്‌. കഴക്കൂട്ടം കുളത്തൂർ കോണ്ടൂർ ഫ്ലാറ്റിലായിരുന്നു താമസം.

ശനിയാഴ്ച രാത്രി 9.30ഓടെ കഴക്കൂട്ടം പോലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സുനോജിനെ അജ്ഞാതവാഹനം ഇടിച്ചിട്ട് പോകുകയോ മറ്റൊരു വാഹനം കടന്നുപോകുന്നതിനിടെ തെന്നിവീഴുകയോ ചെയ്തിരിക്കാമെന്നാണ് പോലീസ് നിഗമനം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുനോജിനെ കഴക്കൂട്ടം പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പിന്നീട്‌ ബന്ധുക്കൾ എത്തി സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ മരിച്ചു.

ഭാര്യ: കവിത. മക്കൾ: സിദ്ധാർഥ്‌, അനിരുദ്ധ്. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട്‌ 3 മണിക്ക് തൃശ്ശൂർ എം.ജി. റോഡ് ബ്രാഹ്മണസഭാ ശ്മശാനത്തിൽ നടക്കും.