തിരുവനന്തപുരം : ആദിവാസികൾക്ക് പ്രാതിനിധ്യമില്ലാത്ത ഒരു ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഇനി ഉണ്ടാകില്ലെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരേ കോൺഗ്രസ്‌ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന ജനജാഗ്രതാ യാത്രയുടെ ഭാഗമായി ആദിവാസി ദളിത് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസി സമൂഹത്തെ നെഞ്ചോട് ചേർത്തുപിടിക്കാൻ ഒരു മടിയുമില്ലാത്ത നേതാവാണ് രാഹുൽഗാന്ധി. പാർട്ടിയുടെ വിവിധ കമ്മിറ്റികളിൽ അവർക്ക്‌ പ്രാതിനിധ്യം ഉണ്ടാകും. എ.ഐ.സി.സി. അത്‌ നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ആദിവാസികളെയും പാവപ്പെട്ടവരെയും സഹായിക്കാനല്ല, കൊല്ലുന്നവനെ സംരക്ഷിക്കാനാണ് പിണറായി സർക്കാർ കോടികൾ ചെലവഴിക്കുന്നത്. 20,000 ആദിവാസി കുടുംബങ്ങൾക്ക് വീടുെവച്ചു നൽകാൻ കഴിയാത്ത സർക്കാരാണ് സിൽവർ ലൈനുമായി ഇറങ്ങിയിരിക്കുന്നത്. ജനങ്ങളെ നശിപ്പിച്ചുകൊണ്ടല്ല വികസനം കൊണ്ടുവരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് പാലോട് രവി അധ്യക്ഷനായി. അടൂർ പ്രകാശ് എം.പി., കെ.പി.സി.സി. ട്രഷറർ പ്രതാപചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ജി.എസ്.ബാബു, കെ.പി.ശ്രീകുമാർ, പഴകുളം മധു, ജി.സുബോധൻ, എം.എം.നസീർ, ദീപ്തി മേരി വർഗീസ്, ജോസി സെബാസ്റ്റ്യൻ, തുടങ്ങിയവർ പങ്കെടുത്തു