കഴക്കൂട്ടം : കോവിഡ് വ്യാപനത്തെത്തുടർന്ന് കർശനനിയന്ത്രണങ്ങളുള്ള പെരുമാതുറ, പുതുക്കുറിച്ചി മേഖലകളിൽ പെൻഷൻ വാങ്ങാൻ നൂറുകണക്കിനു പേർ ബാങ്കുകളുടെ മുൻപിൽ കൂടിയത് പോലീസിനും ആരോഗ്യപ്രവർത്തകർക്കും ആശങ്ക സൃഷ്ടിച്ചു.
ട്രിപ്പിൽ ലോക്ഡൗൺ നിലനിൽക്കുന്ന തീരദേശ മേഖലയിലാണ് ക്ഷേമ പെൻഷൻ പിൻവലിക്കുന്നതിനായി ആളുകൾ ബാങ്ക് ശാഖകൾക്കു മുന്നിൽ കൂടിയത്.
വയോധികർക്കുള്ള പെൻഷനും വിധവാ പെൻഷനും ഭിന്നശേഷിക്കാർക്കുള്ള പെൻഷനും എല്ലാം വാങ്ങുന്നവർ കൂട്ടമായി എത്തി.
രാവിലെ 9 മണിയോടെതന്നെ ബാങ്ക് ശാഖകൾക്കു മുന്നിൽ മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവർ കൂടുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പോലീസെത്തിയെങ്കിലും കാര്യമുണ്ടായില്ല. ഒടുവിൽ ടോക്കൺ നൽകി ഒരുപരിധിവരെ തിരക്ക് ഒഴിവാക്കി.
നിയന്ത്രണങ്ങൾ മൂലം ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി എന്നീ ദിവസങ്ങളിൽ മാത്രമാക്കിയിരിക്കുകയാണ്.