പേയാട് : വിളപ്പിൽ പഞ്ചായത്ത് പ്രദേശത്ത് കോവിഡ് വ്യാപനം കൂടുന്നതിനിടെ രോഗബാധിതയായ വീട്ടമ്മ മരിച്ചു. കരുവിലാഞ്ചി സ്വദേശി തങ്കി(61)യാണ് മരിച്ചത്. തിങ്കളാഴ്ച 26 പേരുടെ പരിശോധനയിൽ 12 പേർക്കുകൂടെ രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ ആകെ രോഗികളുടെ എണ്ണം 420 ആയി. ഇതിൽ 360 പേരും വീടുകളിൽ നിരീക്ഷണത്തിലാണ്.

രോഗവ്യാപനതോത് 25 ശതമാനത്തിന് അടുത്താണ്. എന്നാൽ, രോഗം സംശയിക്കുന്നവർ പരിശോധനയ്ക്ക് വിമുഖത കാണിക്കുന്നതും രോഗം സ്ഥിരീകരിച്ച് വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ബന്ധുക്കൾ പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്നതും രോഗം വ്യാപിക്കാൻ കാരണമാകുന്നതായി ആരോപണമുണ്ട്. ഇതിനിടെ പഞ്ചായത്തിൽ കൂടുതൽ നടത്തുന്നത് ആന്റിജൻ പരിശോധനയാണെന്നും രോഗവ്യാപനം കൂടി നിൽക്കുന്നതിനാൽ ആർ.ടി.പി.സി.ആർ. പരിശോധന വേണമെന്നും ആവശ്യമുയരുന്നുണ്ട്.

രോഗം ബാധിച്ച് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ റൂം ക്വാറന്റീൻ കർശനമായി പാലിക്കുന്നു എന്ന് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ടെന്ന് വിളപ്പിൽ മെഡിക്കൽ ഓഫീസർ ഡോ. എലിസബത്ത് പറഞ്ഞു. രോഗലക്ഷണങ്ങൾ ഉള്ളവർ പരിശോധനയ്ക്ക് മടി കാണിക്കുന്നു എന്നുള്ളത് വാസ്തവമാണെന്നും ഇതു രോഗവ്യാപനത്തിന് കാരണമാണെന്നും അവർ പറഞ്ഞു. പഞ്ചായത്തിലെ പ്രാഥമിക ചികിത്സാകേന്ദ്രം 10- നകം പ്രവർത്തനസജ്ജമാകും.

വിളപ്പിൽ ആശുപത്രിയിൽ 400 പേരുടെ വാക്സിനേഷനാണ് തിങ്കളാഴ്ച നടന്നത്. വാക്സിനേഷന് എത്തുന്നവരുടെ തിക്കുംതിരക്കും രോഗവ്യാപനം കൂട്ടുന്ന തരത്തിലാണ്.

നിയന്ത്രണം ഉണ്ടെങ്കിലും ആൾക്കാർ നിർദേശങ്ങൾ അനുസരിക്കാൻ കൂട്ടാക്കാത്തതാണ് തിരക്കിന് കാരണമെന്ന് പോലീസ് പറഞ്ഞു.