വർക്കല : താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കാനെത്തിയവരുടെ തിക്കുംതിരക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നൂറുകണക്കിനുപേർ തിക്കിത്തിരക്കിയത്. സാമൂഹികാകലം പാലിക്കാതെനിന്നവരെ പോലീസും ആരോഗ്യപ്രവർത്തകരും ഇടപെട്ടാണ് നിയന്ത്രിച്ചത്.

രണ്ടാം ഡോസ് വാക്സിൻ എടുക്കാനായി സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ആശുപത്രിയിൽ ഏർപ്പെടുത്തിയിരുന്നു. രാവിലെ 9.30 മുതൽ വൈകീട്ട് നാലുവരെയായിരുന്നു വാക്സിനേഷൻ. രാവിലെ എട്ടുമുതലാണ് ടോക്കൺ നൽകിത്തുടങ്ങുന്നതെങ്കിലും പുലർച്ചെ അഞ്ചുമണിമുതൽ ആൾക്കാരെത്തി.

ഒരുദിവസം 140 പേർക്കാണ് ടോക്കൺ അനുവദിക്കുന്നത്. എന്നാൽ അതിലേറെപ്പേരാണ് തിങ്കളാഴ്ച വാക്സിൻ സ്വീകരിക്കാൻ തടിച്ചുകൂടിയത്. ആദ്യ ഡോസ് സ്വീകരിച്ച് 50 ദിവസം കഴിഞ്ഞവർക്കായിരുന്നു വാക്സിനേഷന് അർഹത.

ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 50 ദിവസം തികയാത്തവരും കൂട്ടത്തിലുണ്ടായിരുന്നു. ക്യൂവിൽനിന്ന ശേഷം വാക്സിൻ സ്വീകരിക്കാൻ സാധിക്കാത്തതും വാക്സിൻ ദൗർലഭ്യം ഉണ്ടാകുമോയെന്ന സംശയവും കാരണം വാക്സിനെടുക്കാനെത്തിയവർ തിരക്കുകൂട്ടുകയായിരുന്നു. ഇത് ബഹളത്തിനിടയാക്കി. വർക്കല പോലീസ് സ്ഥലത്തെത്തി തിരക്ക് നിയന്ത്രിച്ച് ക്യൂ ക്രമീകരിച്ചശേഷമാണ് ടോക്കൺ വിതരണം പുനരാരംഭിച്ചത്.

അതത് ദിവസങ്ങളിൽ വാക്സിനേഷന് അർഹതയുള്ളവരെ മാത്രം വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിക്കാനുള്ള ആസൂത്രണത്തിലെ പാളിച്ചകളാണ് തിരക്കിന് കാരണമാകുന്നത്. വാക്‌സിൻ എടുക്കാനെത്തുന്നവരുടെ ബുദ്ധിമുട്ടൊഴിവാക്കാൻ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

രജിസ്റ്റർ ചെയ്തത് 100 പേർ; എത്തിയത് ആയിരത്തോളം പേർ

ആറ്റിങ്ങൽ : വലിയകുന്ന് താലൂക്കാശുപത്രിയിൽ കോവിഡ് വാക്‌സിനെടുക്കാനെത്തിയവർ കൂട്ടത്തോടെ തള്ളിക്കയറി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനം തിക്കിത്തിരക്കിയതോടെ പോലീസിടപെട്ട് സ്ഥിതി നിയന്ത്രിച്ചു.

സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടെന്ന് അറിഞ്ഞതിനെത്തുടർന്നാണ് തിങ്കളാഴ്ച രാവിലെ ആശുപത്രിയിലേയ്ക്ക് ആളുകൾ കൂട്ടത്തോടെയെത്തിയത്. മുതിർന്ന പൗരന്മാരുൾപ്പെടെയുള്ളവർ ധാരാളമെത്തിയതോടെ വരിപാലിക്കാനോ അകലംപാലിക്കാനോ കഴിയാതെവന്നു. ഇത് ഉന്തും തള്ളുമുണ്ടാക്കി. ആളുകളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആശുപത്രി അധികൃതർ നിർദ്ദേശങ്ങൾ നല്കിയെങ്കിലും ജനം തള്ളിക്കയറ്റം തുടർന്നു. ആറ്റിങ്ങൽ സി.ഐ. ടി.രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി കോവിഡ് മാനദണ്ഡം പാലിക്കാത്തവർക്കെതിരേ നിയമനടപടിയുണ്ടാവുമെന്ന് ഉച്ചഭാഷിണിയിലൂടെ അറിയിച്ചു. ഇതേത്തുടർന്ന് ആളുകൾ അകലം പാലിച്ച് നില്ക്കാൻ തയ്യാറായി.

സ്‌പോട്ട് രജിസ്‌ട്രേഷനായി ആളുകൾ തള്ളിക്കയറിയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്ന്് ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻജോസ് പറഞ്ഞു. 100 പേരാണ് ഓൺലൈൻവഴി രജിസ്റ്റർ ചെയ്തിരുന്നത്. തിങ്കളാഴ്ച രാവിലെ ആയിരത്തോളമാളുകളാണ് ആശുപത്രിയിലെത്തിയത്. വൈകുന്നേരം വരെ വാക്‌സിൻ നല്കിയിട്ടും 320 പേർക്കാണ് നല്കാൻ കഴിഞ്ഞത്.