വിതുര : രണ്ട്‌ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മീനാങ്കൽ-കരിപ്പാലം റോഡ് തകർന്നു. ആദിവാസി ഊരുകളിൽ ഉൾപ്പെടെയുള്ള നിരവധി കുടുംബങ്ങളുടെ ആശ്രയമായ റോഡാണ് ടാറും ചല്ലിയുമിളകി കാൽനടപോലും സാധ്യമാകാത്തനിലയായത്.

മാസങ്ങളായി ഈ അവസ്ഥയാണെങ്കിലും അധികാരികൾ ശ്രദ്ധിക്കുന്നില്ല. വിതുര, ആര്യനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് പേപ്പാറ റോഡിൽ തിരിഞ്ഞ് മീനാങ്കലിലൂടെ പറണ്ടോട് ജങ്ഷനിൽ ചേരുന്നു. പട്ടികജാതി കോളനിയിൽ ഉൾപ്പെടെയുള്ള പുറംലോകമെത്താൻ ഇതേയുള്ളൂ മാർഗം. മീനാങ്കൽ, ആര്യനാട്, വിതുര എന്നിവിടങ്ങളിലെ സ്കൂളുകളിലെ വിദ്യാർഥികളും ഏറെ ബുദ്ധിമുട്ടുന്നു. ഇതിലേ ഓടാൻ സ്കൂൾവാൻ ഡ്രൈവർമാരും വിസമ്മതിക്കുന്നതായി പ്രദേശവാസികൾ പറയുന്നു.

വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ മേഖലയാണിത്. കാൽനടക്കാർ ഏറെ ഭീതിയോടെയാണ് ഇതിലേ പോകുന്നത്.

റോഡിന്റെ അവസ്ഥ മൂലം ഓട്ടോയോ ടാക്സിയോ വിളിച്ചാൽ വരാൻ വിസമ്മതിക്കുന്നു. അസുഖം വന്നാൽ കിലോമീറ്ററുകൾ നടന്നേ പ്രധാന റോഡിലെത്തൂ.

അഞ്ചുവർഷം മുമ്പാണ് ഇവിടം ടാർ ചെയ്തത്. പിന്നീട് അറ്റകുറ്റപ്പണി നടന്നില്ല. ഓടയില്ലാത്തതിനാൽ മഴവെള്ളമൊഴുകി ടാറും പിന്നീട് ചല്ലിയും ഇളകി വലിയ കുഴികളായി.