തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ തുടർച്ചയായി വോട്ട് വിഹിതം വർദ്ധിപ്പിച്ച് കൊണ്ടുവന്ന എൻ.ഡി.എ.യ്‌ക്ക് ഇത്തവണ ജില്ലയിൽ കാലിടറി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽനിന്നും 44553 വോട്ടുകളുടെ കുറവാണ് എൻ.ഡി.എ.യ്ക്ക് ജില്ലയിലുണ്ടായത്.

സംസ്ഥാനത്തെ ഏക സിറ്റിങ് സീറ്റായ നേമത്ത് വോട്ടുകുറയുകയും തോൽക്കുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബി.ജെ.പി. രണ്ടാംസ്ഥാനത്തെത്തിയിരുന്നു. ഈ രണ്ട് മണ്ഡലങ്ങളും നേമവും ഉൾപ്പെടെ നാലിടങ്ങളിലാണ് ബി.ജെ.പി. ഇത്തവണ രണ്ടാംസ്ഥാനത്തെത്തിയത്.

തിരുവനന്തപുരത്തും ചിറയിൻകീഴും കാട്ടാക്കടയും മാത്രമാണ് മുപ്പതിനായിരം വോട്ടിന് മുകളിൽ നേടാനായിത്. തിരുവനന്തപുരം മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെ മുപ്പത്തിനാലായിരത്തോളം വോട്ട് നിലനിർത്താനായി. പക്ഷേ, കാട്ടാക്കടയിൽ കഴിഞ്ഞ തവണ പി.കെ.കൃഷ്ണദാസ് നേടിയ 38700 വോട്ട് ഇത്തവണ 34542 ആയി കുറയുകയാണ് ചെയ്തത്. കഴിഞ്ഞ തവണ മുപ്പതിനായിരത്തിലേറെ വോട്ട് നേടിയ കോവളം നെടുമങ്ങാട്, പാറശ്ശാല മണ്ഡലങ്ങളിലും ഇത്തവണ വോട്ടുകുറഞ്ഞു.

പാറശ്ശാലയിൽ വീണ്ടും മത്സരത്തിനിറങ്ങിയ കരമന ജയന് മൂവായിരത്തോളം വോട്ടുകളുടെ കുറവാണുണ്ടായിരുന്നത്. അരുവിക്കരയിൽ അയ്യായിരത്തോളം വോട്ടുകുറഞ്ഞപ്പോൾ കഴിഞ്ഞതവണ വി.വി.രാജേഷ് മുപ്പത്തയ്യായിരത്തോളം വോട്ട് നേടിയ നെടുമങ്ങാട്ട് ഇരുപത്താറായിരം വോട്ട് മാത്രമാണ് ലഭിച്ചത്.

രണ്ടാംസ്ഥാനത്തെത്തിയെങ്കിലും കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും 2016നേക്കാൾ വോട്ടുകൾ കുറഞ്ഞു. വട്ടിയൂർക്കാവിൽ 2019ലെ ഉപതിരഞ്ഞെടുപ്പിനേക്കാൾ 13000 ത്തോളം വോട്ട് വർദ്ധിപ്പിക്കാനായെന്നതാണ് ആശ്വാസം. രണ്ടാംസ്ഥാനത്തെത്തിയ ആറ്റിങ്ങലിൽ 2016ൽ ലഭിച്ച 27602 വോട്ട് 38262 ആയാണ് പി.സുധീർ ഉയർത്തിയത്. ചിറയിൻകീഴിൽ കഴിഞ്ഞതവണ ലഭിച്ച 19478ൽ നിന്നാണ് 30986 ആറിലേക്ക് ഉയർന്നത്.

ബി.ഡി.ജെ.എസ്. മത്സരിച്ച വർക്കലയിലും വാമനപുരത്തും കഴിഞ്ഞ തവണത്തേക്കാൾ എണ്ണായിരത്തോളം വോട്ടാണ് കുറഞ്ഞത്. അതേസമയം ബി.ഡി.ജെ.എസ്. കഴിഞ്ഞ തവണ മുപ്പതിനായിരത്തോളം വോട്ട് നേടിയ കോവളത്ത് ബി.ജെ.പി. ചിഹ്നത്തിലിറങ്ങിയ വിഷ്ണുപുരം ചന്ദ്രശേഖരന് പന്ത്രണ്ടായിരത്തോളം വോട്ട് കുറഞ്ഞു.