പാലോട് : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഗ്രാമീണമേഖലയിൽ വാരാന്ത്യത്തിലും തിങ്കളാഴ്ചയും പോലീസ് ഏർപ്പെടുത്തിയത് ശക്തമായ നിയന്ത്രണങ്ങൾ. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലേക്കുള്ള പാതകൾ അടച്ചു. പാലോട്, പെരിങ്ങമ്മല, നന്ദിയോട്, വിതുര, പേരയം, മടത്തറ, ജവഹർകോളനി, തെന്നൂർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഞായറാഴ്ച പോലീസ് പട്രോളിങ് ശക്തമായിരുന്നു.

മെഡിക്കൽഷോപ്പുകൾ, പഴം, പച്ചക്കറി, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ മാത്രമാണ് തുറന്നു പ്രവർത്തിച്ചത്.

പെരിങ്ങമ്മല, നന്ദിയോട്, വിതുര, പാങ്ങോട് പഞ്ചായത്തുകളിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ആരോഗ്യവകുപ്പ് അടുത്തദിവസം മുതൽ പരിശോധന കർശനമാക്കും. പാലോട് റെയ്ഞ്ച് ഓഫീസ്, സ്‌കൂൾ ജങ്ഷൻ, ഇലവുപാലം, പെരിങ്ങമ്മല തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് റോഡ് അടച്ചുകൊണ്ടുള്ള പരിശോധന നടത്തുന്നുണ്ട്.

നന്ദിയോട് പഞ്ചായത്തിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും പ്രതിരോധനടപടികൾ കർശനമാക്കുന്നതിന്റേയും ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ, മെഡിക്കൽഓഫീസർ ജോർജ് മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. പഞ്ചായത്ത് ഓഫീസിൽ ഹെൽപ്പ്‌ഡെസ്‌ക്ക് ആരംഭിച്ചു. പെരിങ്ങമ്മല പഞ്ചായത്തിൽ നിലവിൽ 231 പേരും നന്ദിയോട്ട് 179 പേരുമാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് ഒരാഴ്ചയ്‌ക്കിടെ പാലോട്, വിതുര പോലീസ് 300-ലധികം പേർക്ക് പിഴചുമത്തി.