തിരുവനന്തപുരം : യു.ഡി.എഫിന്റെ തെക്കൻമേഖലാ തീരദേശജാഥ തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂർത്തിയാക്കി. ചൊവ്വാഴ്ച പൊഴിയൂരിൽനിന്ന്‌ ആരംഭിച്ച ജാഥയ്ക്ക് ബുധനാഴ്ച ബീമാപള്ളി, പള്ളിത്തുറ, അഞ്ചുതെങ്ങ്, വർക്കല എന്നിവിടങ്ങളിലും സ്വീകരണം നൽകി.

അവശജനവിഭാഗമായ മൽസ്യത്തൊഴിലാളികൾക്ക് നിയമവിരുദ്ധമായി അഞ്ചുശതമാനം നികുതി ചുമത്തുകയാണ് സംസ്ഥാന സർക്കാരെന്ന് ജാഥാ ക്യാപ്റ്റൻ ഷിബു ബേബി ജോൺ ബീമാപള്ളിയിൽ നൽകിയ സ്വീകരണത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധി വിഭാവനം ചെയ്തതുപോലെ മൽസ്യത്തൊഴിലാളി സൗഹൃദ പ്രകടനപത്രികയായിരിക്കും യു.ഡി.എഫിന്റേതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.കെ.വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു. ജില്ലാ കൺവീനർ ബീമാപള്ളി റഷീദ്, ജാഥാ ഉപനായകൻ എം.വിൻസെന്റ്, സി.എം.പി. ജില്ലാ സെക്രട്ടറി എം.പി.സാജു, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ ടി.ബഷീർ തുടങ്ങിയവർ സംസാരിച്ചു. പള്ളിത്തുറയിൽ നടന്ന സ്വീകരണത്തിൽ സ്വാഗതസംഘം ചെയർമാൻ ഹെൻട്രി വിൻസെന്റ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. സെക്രട്ടറി പി.ജർമിയാസ് യോഗം ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. സെക്രട്ടറി എം.എ.ലത്തീഫ്, വേളി വർഗീസ് തുടങ്ങിയവർ സംസാരിച്ചു. വ്യാഴാഴ്ച കൊല്ലം ജില്ലയിലാണ് ജാഥയുടെ പര്യടനം.