വെള്ളറട : കുട്ടമല ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ഗുഹാ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവും മൂന്നുദിവസം നീളുന്ന തീർഥാടനവും ഒമ്പതിന് തുടങ്ങും. 11-ന് സമാപിക്കും. ഉത്സവദിവസങ്ങളിൽ ഗണപതിഹോമം, മൃത്യുജ്ഞയഹോമം, അന്നദാനം എന്നിവയുണ്ട്. ഒമ്പതിന് രാവിലെ എട്ടിന് ശനീശ്വരപൂജ, 10-ന് പൊങ്കാല, രാത്രി 7.45-ന് ഭഗവതിസേവ. 10-ന് രാവിലെ 10-ന് നാഗരൂട്ട്, വൈകീട്ട് 6.30-ന് പ്രഭാഷണം. 11-ന് രാവിലെ 9.30-ന് നവകലശപൂജ, വൈകീട്ട് ആറിന് യാമപൂജ, തുടർന്ന് ശിവരാത്രി വിളക്ക്. സമുദ്രനിരപ്പിൽനിന്ന് 1500 അടിയിലേറെ പൊക്കത്തിലാണ് ഗുഹാക്ഷേത്രം. അമ്പൂരി ഗ്രാമപ്പഞ്ചായത്തിലെ കുട്ടമല കണ്ണൂർ, തുടിയംകോണം, പുറത്തിപ്പാറ വാർഡുകളെ തൊട്ടുരുമിക്കിടക്കുന്ന മലയുടെ നെറുകയിലുള്ള ദ്രവ്യപ്പാറയിൽ നിന്നാൽ കടൽത്തീരങ്ങളും വിമാനത്താവളവും കാണാം.