നെയ്യാറ്റിൻകര : കൂടുതൽ നാടാർ ക്രൈസ്തവ വിഭാഗങ്ങൾക്ക് സംവരണം അനുവദിച്ചുകൊണ്ട് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലെ അവ്യക്തതകൾ റവന്യൂ അധികാരികളിൽ ആശയക്കുഴപ്പത്തിനിടയാക്കിയതായി നെയ്യാറ്റിൻകര രൂപത രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി. ലത്തീൻ കത്തോലിക്ക സംവരണാനുകൂല്യമാണ് സഭയിലെ നാടാർ വിഭാഗത്തിലുള്ളവർക്ക് ലഭിച്ചിരുന്നത്. എസ്.ഐ.യു.സി., ലത്തീൻ കത്തോലിക്ക വിഭാഗങ്ങൾ ഒഴികേയുള്ള നാടാർ ക്രൈസ്തവർക്ക് ഒ.ബി.സി. സംവരണം നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കിയിരുന്നത്. എന്നാൽ, ഉത്തരവ് പുറത്തുവന്നപ്പോൾ ഹിന്ദു, എസ്.ഐ.യു.സി. ഒഴികെയുള്ള എല്ലാം എന്നാണ് പരാമർശിച്ചിരിക്കുന്നത്.

ഇതാണ് സർട്ടിഫിക്കറ്റ് നൽകേണ്ട റവന്യൂ വകുപ്പിൽ ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് രൂപത മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാകാത്തതിൽ സമിതി ഉത്കണ്ഠ രേഖപ്പെടുത്തി. ഈ വിഷയത്തിൽ അധികാരികൾ അടിയന്തരമായി ഇടപെടുകയും അർഹതപ്പെട്ട സംവരണാനുകൂല്യങ്ങൾ സമുദായത്തിനു നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യണമെന്ന് മെത്രാസന മന്ദിരത്തിൽ ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗം ആവശ്യപ്പെട്ടു.

മോൺ. ജി.ക്രിസ്തുദാസ് അധ്യക്ഷനായി. സമിതി കൺവീനർ ജി.നേശൻ, കെ.എൽ.സി.എ. പ്രസിഡന്റ് അഡ്വ. രാജു തുടങ്ങിയവർ പങ്കെടുത്തു.