വെള്ളറട : കുട്ടമല ദ്രവ്യപ്പാറ ദക്ഷിണാമൂർത്തി ഗുഹാ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവും മൂന്നുദിവസം നീളുന്ന തീർഥാടനവും ഒമ്പതിന് തുടങ്ങും. 11-ന് സമാപിക്കും. ഉത്സവ ദിവസങ്ങളിൽ ഗണപതിഹോമം, മൃത്യുജ്ഞയഹോമം, അന്നദാനം എന്നിവ ഉണ്ട്.

ഒമ്പതിന് രാവിലെ എട്ടിന് ശനീശ്വരപൂജ, 10-ന് പൊങ്കാല, രാത്രി 7.45-ന് ഭഗവതിസേവ. 10-ന് രാവിലെ 10-ന് നാഗരൂട്ട്, വൈകീട്ട് 6.30-ന് പ്രഭാഷണം. 11-ന് രാവിലെ 9.30-ന് നവകലശപൂജ, വൈകീട്ട് ആറിന് യാമപൂജ, തുടർന്ന് ശിവരാത്രി വിളക്ക്. സമുദ്രനിരപ്പിൽനിന്ന് 1500 അടിയിലേറെ പൊക്കത്തിലാണ് ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തിൽനിന്ന് രക്ഷനേടാൻ മാർത്താണ്ഡവർമ ദ്രവ്യപ്പാറയിൽ ഒളിച്ച് താമസിച്ചിരുന്നവെന്നൊരു ഐതിഹ്യവുമുണ്ട്. ചരിത്ര അവശേഷിപ്പായി ഗുഹാക്ഷേത്രവും പാറപ്പുറത്തായി 77 പടവുകളുമുണ്ട്.