കോവളം : മീനുമായി വന്ന ലോറി സർവീസ് റോഡിൽ കുടുങ്ങി. കോവളം-മുക്കോല ബൈപ്പാസ് റോഡിലെ കോവളം ജങ്ഷനിൽ അരമണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി. കോവളം ബൈപ്പാസിലെ ജങ്ഷനിൽനിന്നു തിരിഞ്ഞ് ആഴാകുളം വഴി വിഴിഞ്ഞത്തേക്കു കടക്കുന്ന സർവീസ് റോഡിൽ ബുധനാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം.

ഭാരവും വഹിച്ചുകൊണ്ട് സർവീസ്‌ റോഡിലെ കയറ്റം കയറി ആഴാകുളത്തെ അടിപ്പാത തിരിയാൻ ശ്രമിക്കവേയാണ് ലോറി പിന്നോട്ടുരുണ്ടത്. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ബഹളംവച്ചതോടെ ഡ്രൈവർ പെട്ടെന്ന് ലോറി ബ്രേക്കുചെയ്ത് നിർത്തി. ലോറി റോഡിൽ കുടുങ്ങിയതോടെ ഇതേ ദിശയിൽ വരികയായിരുന്ന ഇരുചക്രവാഹനങ്ങൾ, കാറുകൾ, ലോറികൾ, കെ.എസ്.ആർ.ടി.സി. ബസടക്കമുള്ളവയ്ക്ക് കടന്നുപോകാനായില്ല. സർവീസ് റോഡ് മുതൽ കോവളം ജങ്ഷനും കഴിഞ്ഞ് വാഹനങ്ങൾ നിർത്തിയിട്ടതോടെ വൻ ഗതാഗതക്കുരുക്കായി. ഇതിനിടയിൽ ജങ്ഷനിൽനിന്നു വലതുഭാഗത്തുള്ള സർവീസ് റോഡ് വഴി ഇരുചക്രവാഹനങ്ങൾ കടക്കാൻ ശ്രമിച്ചതോടെ അവിടെയും ഗതാഗതക്കുരുക്കായി.

കോവളം പോലീസെത്തി റോഡിൽ കുടുങ്ങിയ ലോറി പിന്നോട്ടെടുപ്പിച്ച്‌ കയറ്റത്തിൽനിന്ന് വിഴിഞ്ഞം ഭാഗത്തേക്കു കടത്തിവിട്ടതോടെയാണ് ഗതാഗതക്കുരുക്കിനു ശമനമായത്. കോവളം ജങ്ഷനിൽനിന്ന് വിഴിഞ്ഞത്തേക്കു പോകുന്ന സർവീസ് റോഡിൽ മിക്കപ്പോഴും ഭാരം കയറ്റി വരുന്ന ലോറികളടക്കമുള്ള വാഹനങ്ങൾ ആഴാകുളം അടിപ്പാതയിലെ വളവു തിരിയാൻ ശ്രമിക്കുമ്പോൾ വഴിയിൽ കുടുങ്ങാറുണ്ട്‌.

കഴിഞ്ഞ ദിവസം ഈ റോഡിനു തൊട്ടുമുകളിലുള്ള കയറ്റത്തിൽ ആനയുമായി വന്ന ലോറിയും അപകടത്തിൽപ്പെട്ടു. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും രണ്ടു മണിക്കൂറോളമുള്ള ശ്രമഫലമായാണ് ലോറി പ്രധാന റോഡിലൂടെ കടത്തിവിട്ടത്.