വിതുര : സ്കൂൾ തുറന്നിട്ടും ആവശ്യത്തിന് ബസുകളില്ലാത്തത് വിദ്യാർഥികളുൾെപ്പടെയുള്ള മലയോരമേഖലയിലെ യാത്രക്കാർക്ക് ദുരിതമാകുന്നു. ആദിവാസി ഊരുകളും തോട്ടംമേഖലകളും ഉൾപ്പെടുന്ന വിതുര, തൊളിക്കോട്, നന്ദിയോട്, പെരിങ്ങമ്മല തുടങ്ങിയ പഞ്ചായത്തുകളിലാണ് യാത്രാക്ലേശം കൂടുതൽ. പല കാരണങ്ങളാൽ കെ.എസ്.ആർ.ടി.സി. സർവീസുകൾ നേരത്തേ വെട്ടിക്കുറച്ചിരുന്നു. ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളുമായതോടെ ബാക്കിയുള്ളവയും നിർത്തലാക്കി.

എന്നാൽ, സ്കൂൾ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും പല സർവീസുകളും പുനഃസ്ഥാപിക്കണമെന്ന ആവശ്യം നടപ്പാകുന്നില്ലെന്ന് രക്ഷാകർത്താക്കൾ പറയുന്നു.

നേരത്തേയുണ്ടായിരുന്ന സമാന്തര സർവീസുകൾ നിലച്ചതും യാത്രക്കാരെ വലയ്ക്കുന്നു. പട്ടികജാതി-പട്ടികവർഗ മേഖലകളിലുള്ളവരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.

ദിവസത്തിൽ ഒന്നോ രണ്ടോ ബസുകൾ മാത്രമുള്ള സ്ഥലങ്ങളിലെ സർവീസുകൾ പോലും മുടങ്ങി. ചന്തമുക്ക്, കലുങ്ക്‌ ജങ്ഷൻ, കൊപ്പം തുടങ്ങിയ സ്ഥലങ്ങളിൽ മണിക്കൂറുകളാണ് വിദ്യാർഥികളുൾെപ്പടെ ആളുകൾ ബസ്‌ കാത്തുനിൽക്കുന്നത്.

ചെറ്റച്ചൽ ജഴ്സി ഫാം, കാലങ്കാവ്, ചായം, മരുതുമൂട്, മരുതാമല, കല്ലാർ, ആനപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ ദുരിതമേറെയാണ്.

ഒരുകാലത്ത് സമാന്തര സർവീസുകൾ ഏറെയുണ്ടായിരുന്ന വിതുര-പാലോട് റൂട്ടിൽ സർവീസുകൾ നാമമാത്രമായതും യാത്രാക്ലേശത്തിന്റെ ആക്കം കൂട്ടി.

കുട്ടികളെ കുത്തിനിറച്ച് പൊന്മുടി ബസ്

: പൊന്മുടിയിൽനിന്ന് രാവിലെ നെടുമങ്ങാട്ടേക്ക് ആകെയുള്ള ഒരു ബസിൽ തിരക്ക് ഏറെയാണ്. വിതുരയിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ കുത്തിനിറച്ചാണ് രാവിലെ ബസ് വരുന്നത്. പൊന്മുടി, കുളച്ചിക്കര, കല്ലാർ, ആനപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള കുട്ടികളാണ് ബസ് നിറയെ. തിരക്കു മൂലം പല സ്ഥലങ്ങളിലും ബസ് നിർത്താത്തതും കുട്ടികളെ വലയ്ക്കുന്നു. വിതുരയിൽനിന്ന് പൊന്മുടിയിലേക്ക് ഒരു ഷട്ടിൽ സർവീസ് വേണമെന്നാണ് നാട്ടുകാർ പറയുന്നത്.