തിരുവനന്തപുരം : കാക്കാമൂലയിലെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 211 കിലോയുടെ നിരോധിത പുകയിലയുത്‌പന്നങ്ങൾ കണ്ടെടുത്തു. കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന്റെ തിരുവനന്തപുരം യൂണിറ്റ് നടത്തിയ പരിശോധനയിൽ കാക്കാമൂല സ്വദേശി എസ്.ഷൈജുവിന്റെ വാടകവീട്ടിൽനിന്നാണ് പുകയിലയുത്‌പന്നങ്ങൾ കണ്ടെടുത്തത്. കാക്കാമൂലയിലെ ഇയാളുടെ സ്വന്തം വീട്ടിൽ നടത്തിയ പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന കണക്കിൽപ്പെടാത്ത 71 ലക്ഷം രൂപയും കണ്ടെടുത്തു.

ബെംഗളൂരുവിൽനിന്നു വാങ്ങുന്ന പുകയിലയുത്പന്നങ്ങൾ കാക്കാമൂലയിലെ വീട്ടിൽ സൂക്ഷിച്ച ശേഷം തമിഴ്‌നാട്ടിലെത്തിച്ച് മൂന്നിരട്ടി തുകയ്ക്കു വിൽക്കുന്നതാണ് രീതിയെന്ന് കസ്റ്റംസ് പറയുന്നു. എട്ടു വർഷമായി ഇയാൾ പുകയിലയുത്പന്നങ്ങൾ വിൽക്കുന്നുണ്ട്.

കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റൻറ് കമ്മിഷണർ ആർ.മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒരേസമയം രണ്ടിടത്തും പരിശോധന നടത്തിയത്.