ആര്യനാട് : പതിനഞ്ചു വയസ്സുകാർക്കുള്ള പ്രതിരോധകുത്തിവയ്പ് എടുക്കാനെത്തിയ കുട്ടികൾക്ക് കോവിഷീൽഡ് വാക്സിൻ കുത്തിവച്ച സംഭവത്തിൽ ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്(ജെ.പി.എച്ച്.എൻ.) രാജിയെ ഡി.എം.ഒ. സസ്പെൻഡ് ചെയ്തു. ജോലിയിൽ വീഴ്ചവരുത്തി അശ്രദ്ധമായി ഇൻജക്‌ഷൻ മാറിനൽകിയതിനാണ് നടപടിയെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

ഡി.എം.ഒ. ഡോ. ജോസ് വി.ഡിക്രൂസ്, ആര്യനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തി തെളിവെടുത്ത് റിപ്പോർട്ട് നൽകിയ ശേഷമായിരുന്നു നടപടി. സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ നടന്നത് ഗുരുതരമായ വീഴ്ചയാണെന്നും വിശദമായി അന്വേഷിച്ചു നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ. ജനപ്രതിനിധികൾക്ക് ഉറപ്പുനൽകിയിരുന്നു.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആശുപത്രിയിലെത്തിയ ഡി.എം.ഒ., സംഭവത്തെപ്പറ്റി ജീവനക്കാരിൽനിന്നു തെളിവെടുത്തു. വാക്സിനെടുത്തതിൽ തങ്ങൾക്കു പറ്റിയ വീഴ്ചയാണ്‌ കാരണമെന്ന് മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള ജീവനക്കാർ സമ്മതിച്ചിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, മെഡിക്കൽ ഓഫീസർ ഡോ. രാധിക, ആശുപത്രി വികസനസമിതി അംഗങ്ങൾ തുടങ്ങിയവരും എത്തിയിരുന്നു.