വെള്ളനാട് : വീടിന്റെ അടുക്കളവാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് 22,000 രൂപ മോഷ്ടിച്ചു.
വെള്ളനാട് കുളക്കോട് സരസ്വതി ഭവനിൽ സോമന്റെ വീട്ടിൽ ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്.
മോഷണം നടന്നപ്പോൾ സോമനും ഭാര്യയും വീട്ടിലുണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച രാവിലെയാണ് ഇവർ മോഷണവിവരം അറിഞ്ഞത്. വീടിനോടുചേർന്ന് പലവ്യഞ്ജനക്കട നടത്തുന്ന സോമൻ കടയിലെ പണം വീട്ടിലെ ഹാളിനു സമീപത്തുള്ള ടി.വി.ക്കടുത്താണ് സൂക്ഷിക്കാറുള്ളത്. അവിടെനിന്നു പണം എടുക്കുന്നതും ബാക്കി കൊടുക്കുന്നതും കടയിൽ വരുന്നവർക്ക് കാണാമെന്നും ഇതുകണ്ട ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നും പോലീസ് പറഞ്ഞു. ആര്യനാട് പോലീസ് കേസെടുത്തു.