ആറ്റിങ്ങൽ : ആറ്റിങ്ങൽ നാലുവരിപ്പാതയുടെ നിർമാണത്തിന് ചൊവ്വാഴ്ച നടന്ന വാഹനപണിമുടക്ക് അനുഗ്രഹമായി. ഗതാഗതക്കുരുക്കും യാത്രാതടസ്സങ്ങളുമില്ലാതെ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു മുന്നിലെ ഓടനിർമാണം പൂർത്തിയാക്കി.

കൂടുതൽ തൊഴിലാളികളെയും യന്ത്രസാമഗ്രികളും ഉപയോഗിച്ചുകൊണ്ടായിരുന്നു ചൊവ്വാഴ്ചത്തെ റോഡുനിർമാണ നടപടികൾ.

നാലുവരിപ്പാതയുടെ മൂന്നാംഘട്ട നിർമാണപ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കച്ചേരിനട മുതൽ കെ.എസ്.ആർ.ടി.സി. ജങ്ഷൻ വരെയുള്ള ഭാഗമാണ് മൂന്നാംഘട്ടമായി വികസിപ്പിക്കുന്നത്. റോഡിന് വീതി വളരെ കുറഞ്ഞ ഭാഗമാണിത്.

എപ്പോഴും ഗതാഗതക്കുരുക്കുണ്ടാകുന്ന ഭാഗംകൂടിയാണിത്‌. മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്ക്‌ ഓരോ മിനിറ്റിലും ബസുകൾ വന്നുപോകുന്നതാണ് ഈ ഭാഗത്ത് തിരക്കേറുന്നതിന്റെ പ്രധാന കാരണം. തിരക്കേറിയ ഭാഗങ്ങളിൽ രാത്രികാലങ്ങളിലാണ് പണി നടത്തിയിരുന്നത്.

ഓട സ്ഥാപിക്കാനായി തോണ്ടിയെടുക്കുന്ന മണ്ണ് ലോറിയിൽ കയറ്റി കൊണ്ടുപോകണം. ഇതിനായി ലോറികൾ ഓടയ്ക്കു സമീപം നിർത്തിയിടുമ്പോൾ ഗതാഗതക്കുരുക്കുണ്ടാകും. ചൊവ്വാഴ്ച വാഹനപണിമുടക്കായതിനാൽ നിരത്തിൽ വാഹനങ്ങൾ വളരെക്കുറവായിരുന്നു. ഇത് നിർമാണപ്രവർത്തനങ്ങൾക്കു ഗുണമായി.

ചൊവ്വാഴ്ച സ്വകാര്യബസുകൾ ഓടാത്തതിനാൽ ഇവിടെ പകൽതന്നെ കുഴിയെടുത്ത് ഓട സ്ഥാപിക്കാനായി.

പുറമ്പോക്ക് തീരെയില്ലാത്ത ഈ ഭാഗത്ത് സ്വകാര്യവ്യക്തികളുടെ സഹകരണത്തോടെയാണ് റോഡ് നിർമാണം നടക്കുന്നത്. നഗരസഭാധ്യക്ഷ എസ്.കുമാരി, മുൻ അധ്യക്ഷൻ എം.പ്രദീപ് എന്നിവർ സ്ഥാപന ഉടമകളോടു സംസാരിച്ച് പരമാവധി ഉടമകൾ വിട്ടുനല്കിയ ഭൂമികൂടി ഏറ്റെടുത്ത് നിർമാണപ്രവർത്തനങ്ങൾ നടന്നുവരികയാണ്.

വൈദ്യുതത്തൂണുകൾ, കേബിളുകൾ, ജല അതോറിറ്റിയുടെ കുഴലുകൾ എന്നിവയുടെ മാറ്റിയിടീൽ കൂടി പൂർത്തിയാക്കിയാലേ ടാറിടലിലേക്കു കടക്കാനാകൂ. ഈ നടപടിക്രമങ്ങളും വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.