വെമ്പായം : ചൂട് കൂടുന്നതോടെ ആളുകൾ കുടിവെള്ളത്തിനായി നെട്ടോട്ടം, എന്നാൽ, വെമ്പായം പഞ്ചായത്തിലെ തേക്കട എൽ.പി. സ്‌കൂളിനു സമീപം പൈപ്പു‌പൊട്ടി വെള്ളം പാഴാകുന്നു. പല സ്ഥലങ്ങളിലും വെള്ളം കിട്ടാതെ ബുദ്ധിമുട്ടുമ്പോൾ വാട്ടർ അതോറിറ്റി പൈപ്പുകൾ ശരിയാക്കാറുമില്ല. തേക്കട മുതൽ ചീരാണിക്കര വരെയുള്ള റോഡിന്റെ വിവിധ സ്ഥലങ്ങളിലാണ് മാസങ്ങളായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ചെറുതും വലുതുമായ നിരവധി പൈപ്പ് പൊട്ടലുകളുണ്ട്. പൊട്ടുന്ന ഭാഗങ്ങളിൽ കുഴികൾ ഉണ്ടാകുകയും അതിനുള്ളിൽ വെള്ളം കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഈ വെള്ളവും മണ്ണും എല്ലാംകൂടി കലർന്ന് ചെളിയാകുന്നത് അപകടത്തിനിടയാക്കുന്നു.

കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ചെളിയിൽ ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. പൈപ്പ് ലൈനിലെ പണിക്കായി റോഡ് കുഴിക്കുകയും പിന്നീട് ഇവ ശരിയായ രീതിയിൽ മൂടാത്തത്തും മുകളിൽ കോൺക്രീറ്റ് ചെയ്യാത്തതും കാരണം ഭാരമുള്ള വലിയ വാഹനങ്ങൾ കയറുമ്പോൾ വീണ്ടും പൈപ്പുകൾ പൊട്ടുന്നതും പതിവാണ്.