തിരുവനന്തപുരം : ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്നേഹത്തണലൊരുക്കി വഴുതയ്ക്കാട് ഗവ. വിമെൻസ് കോളേജിലെ ‘പ്രാപ്ത’ കൂട്ടായ്മ. ഭിന്നശേഷിക്കാരുടെ കുറവുകളിൽ അവർക്ക് കൈത്താങ്ങാവുകയും അവരുടെ മികവുകൾ പ്രോത്സാഹിപ്പിച്ച് മുഖ്യധാരയിലേക്ക്‌ കൈപിടിച്ചു നടത്തുകയുമാണ് പ്രാപ്തയിലൂടെ ഒരുകൂട്ടം അധ്യാപകരും വിദ്യാർഥികളും.

2019-ലാണ് പ്രാപ്ത കൂട്ടായ്മയുടെ തുടക്കം. വീൽച്ചെയറിൽ കോളേജിലെത്തുന്നവർ മുതൽ കാഴ്ചപരിമിതർവരെയുള്ള കുട്ടികളുടെയും അവരുടെ രക്ഷാകർത്താക്കളുടെയും സ്നേഹക്കൂട്ടായ്മയായാണ് ഇത് രൂപവത്കരിച്ചത്. 10 അധ്യാപകർ, ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷാകർത്താക്കൾ, വിദ്യാർഥിപ്രതിനിധികൾ എന്നിവരും ഇതിൽ അംഗങ്ങളാണ്. കൂടാതെ ചങ്ങാതീസ് എന്നപേരിൽ ഇവരെ സഹായിക്കാനായി കോളേജിലെ മറ്റു കുട്ടികളുടെ കൂട്ടായ്മയുമുണ്ട്.

തുടക്കം മുതൽതന്നെ ഞാൻ പ്രാപ്ത എന്ന പേരിൽ ഇവരെയെല്ലാവരെയും ചേർത്ത് വാട്‌സ് ആപ് ഗ്രൂപ്പുണ്ടാക്കി. എല്ലാദിവസവും സജീവമായ ചർച്ചകളും സൗഹൃദസംഭാഷണങ്ങളും വായനസദസ്സുകളും ഇതിൽ സജീവമാണ്. കൂടാതെ കോളേജിലെ മുഴുവൻ ഇടങ്ങളിലും ഭിന്നശേഷിക്കാർക്ക് കടന്നുചെല്ലാവുന്ന ‘ബാരിയർ ഫ്രീ കാമ്പസ്’ എന്ന ആശയം നടപ്പാക്കി. കാമ്പസ് മുഴുവൻ ചുറ്റിക്കാണാൻ വീൽച്ചെയറിൽ എത്തുന്നവർക്കുൾപ്പെടെ അവസരമൊരുക്കുന്നുണ്ട്.

പഠനം കഴിഞ്ഞ് ഇവരെ ജീവിക്കാൻ പ്രാപ്തരാക്കുന്ന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിനായി ചുവട് എന്ന പേരിൽ പദ്ധതിയാണ് പ്രവർത്തനം. ഇവർക്ക് കൈത്തൊഴിൽ പരിശീലനവും നൽകാനുള്ള തയ്യാറെടുപ്പിലാണ്. മത്സരപ്പരീക്ഷകളിൽ ഇവർക്കായി പ്രത്യേക പരിശീലനം നൽകാനും തുടങ്ങിക്കഴിഞ്ഞു. കോളേജിൽ ഭിന്നശേഷി കുട്ടികളുടെ ചിത്രപ്രദർശനവും സംഘടിപ്പിച്ചു.

നേരത്തെ കോളേജിലെ പൊതുപരിപാടികളിൽനിന്ന് അകന്നുനിന്ന ഭിന്നശേഷിക്കുട്ടികൾ ഇപ്പോൾ കലാപരിപാടികളിലുൾപ്പെടെ സജീവമാണ്.

കഴിഞ്ഞദിവസം നാക് അക്രഡിറ്റേഷൻ സംഘം കോളേജിലെത്തിയപ്പോൾ പൊതുപരിപാടികൾക്ക് അവതാരകരായത് പ്രാപ്തയിലെ കുട്ടികളാണ്. കോവിഡ്കാലത്ത് വിവിധ വിഷയങ്ങളിലായി 20 വെബിനാറാണ് പ്രാപ്ത സംഘടിപ്പിച്ചത്. ദേശീയ, സംസ്ഥാനതലത്തിൽ വായനമത്സരവും സംഘടിപ്പിച്ചു.

കാഴ്ചപരിമിതരായ കുട്ടികൾക്കായി കോളേജിൽ ഓഡിയോ ലൈബ്രറി തയ്യാറാക്കുകയാണ് ഇപ്പോൾ ഇവരുടെ പ്രധാന ലക്ഷ്യം. എല്ലാ പ്രധാനപ്പെട്ട ദിനാചരണങ്ങളും പ്രാപ്തയിലെ കുട്ടികളെയും രക്ഷാകർത്താക്കളെയും ഒരുമിച്ചു ചേർത്താണ് നടത്തുന്നത്. പഠനകാലത്ത് മാത്രമല്ല, അതിനപ്പുറം ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും ഒപ്പമുണ്ടാകാനായി പ്രാപ്ത അലുമ്‌നി കൂട്ടായ്മയും രൂപവത്കരിക്കുന്നുണ്ട്.

കോളേജിലെ എക്കണോമിക്സ് വകുപ്പ് മേധാവിയായ ഡോ. ഉമാജ്യോതിയാണ് പ്രാപ്തയുടെ കൺവീനർ. വിദ്യാർഥികളായ അപർണ വാരിയർ, അമൃത സായി, അന്ന തെക്കേക്കര എന്നിവർ വിദ്യാർഥിപ്രതിനിധികളുമാണ്.