തിരുവനന്തപുരം : സംസ്ഥാനത്തെ വിജ്ഞാനാധിഷ്ഠിത സമൂഹമായി വാർത്തെടുക്കുന്നതിനു നൈപുണ്യ വികസന പരിപാടികൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ(കെ.എസ്.യു.എം.) മേൽനോട്ടത്തിലുള്ള ടെക്‌നോളജി സ്റ്റാർട്ടപ്പ് മിബിസിന്റെ ഇ-സർവീസ് പ്ലാറ്റ്ഫോമും സൈബർ െഫാറൻസിക് ലബോറട്ടറിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നൈപുണ്യ വികസനത്തിന് അഡീഷണൽ സ്‌കിൽ അക്യുസിഷൻ പ്രോഗ്രാം (അസാപ്), കേരള െഡവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റെജിക് കൗൺസിൽ(കെ-ഡിസ്‌ക്)പോലുള്ള സംവിധാനങ്ങളുണ്ട്. വർക്ക് ഫ്രം ഹോം എന്ന ആശയത്തെ വർക്ക് ഫ്രം കേരള സംസ്‌കാരമാക്കി മാറ്റാനാകുമെന്നും മന്ത്രി പറഞ്ഞു.

കേശവദാസപുരത്തെ ട്രിഡ കോംപ്ലക്‌സിലാണ് മിബിസ് സിറ്റിസൺ അഡ്വൈസർ ഇ-സർവീസ് പ്ലാറ്റ്ഫോമും മിബിസ് സൈബർ െഫാറൻസിക് ലബോറട്ടറിയും പ്രവർത്തനമാരംഭിച്ചത്.

ടെക്‌നോപാർക്കിൽ നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ െഡവലപ്‌മെന്റ് കോർപ്പറേഷൻ എം.ഡി. എം.ജി.രാജമാണിക്യം, കെ.എസ്.യു.എം. സി.ഇ.ഒ. ജോൺ എം.തോമസ്, സോഫ്റ്റ്‌വേർ ടെക്‌നോളജി പാർക്ക്‌സ് ഓഫ് ഇന്ത്യ തിരുവനന്തപുരം ഡയറക്ടർ ഗണേഷ് നായക് കെ., മിബിസ് സൈബർ െഫാറൻസിക്‌സ് ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ റെജി വസന്ത് വി.ജെ. എന്നിവരും പങ്കെടുത്തു. സേവനങ്ങളും വിദഗ്‌ധോപദേശവും www.citizenadvisor.in എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കും.