വിതുര : പഞ്ചായത്തിലെ ആദിവാസി മേഖലകളുടെ ആശ്രയമായിരുന്ന തലത്തൂതക്കാവ് പാലമില്ലാതായിട്ട് മൂന്നു പതിറ്റാണ്ട്. വിവിധ ആവശ്യങ്ങൾക്കായി വാമനപുരം ആറ് മുറിച്ചുകടക്കേണ്ട സ്ഥിതിയിലാണ് നാട്ടുകാർ.

ആദിവാസി ഊരുകളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലം 1992-ലെ വെള്ളപ്പൊക്കത്തിലാണ് നശിച്ചത്. തുടർന്ന് നാട്ടുകാർ താത്‌കാലിക തടിപ്പാലം നിർമിച്ചെങ്കിലും രണ്ടു വർഷത്തിനുള്ളിൽ അതും പൊളിഞ്ഞതോടെ ഊരുകൾ തീർത്തും ഒറ്റപ്പെട്ടു.

നിരന്തരമായ നിവേദനങ്ങളുടെയും പരാതികളുടെയും ഫലമായി 1994-ൽ എം.എൽ.എ.യായിരുന്ന ജി.കാർത്തികേയൻ പാലം പുനർനിർമിക്കാൻ പത്തുലക്ഷം രൂപ അനുവദിച്ച് തറക്കല്ലിടീലും കഴിഞ്ഞു. എന്നാൽ, തുക അപര്യാപ്തമാണെന്നുള്ള കാരണത്താൽ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

2013-14 വർഷത്തിലെ പദ്ധതിയിലുൾപ്പെടുത്തി പാലം പണിയാൻ ജില്ലാപ്പഞ്ചായത്ത് 1.98 കോടി രൂപ അനുവദിച്ചെങ്കിലും കരാറുകാരെ കിട്ടാത്തത് വീണ്ടും തടസ്സമായി. പട്ടികവർഗ വികസനഫണ്ട് പാലം നവീകരിക്കാൻ ഉപയോഗിക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് നാട്ടുകാരിൽ ഒരുവിഭാഗം പരാതി നൽകിയതോടെ ആ മാർഗവും അടഞ്ഞു. പാലം ഇല്ലാതായതോടെ വിദ്യാർഥികളും രോഗികളുമാണ് ദുരിതത്തിലായത്.

തലത്തൂതക്കാവ് കൂടാതെ കല്ലൻകുടി, ആലുമ്മൂട്, പട്ടരുകാല, കാരടി തുടങ്ങി പതിനെട്ട്‌ ആദിവാസി ഊരുകളാണ് പുറംലോകത്തെത്താൻ പാലത്തെ ആശ്രയിച്ചിരുന്നത്. ആനപ്പാറ ഹൈസ്കൂൾ, വിതുര വി.എച്ച്.എസ്.എസ്. എന്നീ സ്കൂളുകളിലേക്കു പോകുന്ന കുട്ടികളുടെ മാർഗവും ഇതുതന്നെ. മഴക്കാലത്ത് പൊന്നാംചുണ്ട് വഴി കിലോമീറ്ററുകൾ ചുറ്റിയാണ് കുട്ടികളുടെ യാത്ര.

പാലമില്ലാതായ കാലം മുതൽ ഇതുവരെ 12 പേരാണ് ആറ്റിൽ വീണു മരിച്ചത്. മഴക്കാലത്ത് അപ്രതീക്ഷിതമായി വെള്ളമിറങ്ങുന്നതാണ് പ്രധാന അപകടകാരണം.

മലനിരകളിൽ മഴപെയ്താൽ ആറ് കരകവിയും. രാത്രികാലങ്ങളിൽ ഊരുകളിലേക്കു മടങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും.

ആശ്വാസമായി ആറ്റുമൺപുറം, മണലി പാലങ്ങളുടെ നിർമാണം

: ആറ്റുമൺപുറം, മണലി പാലങ്ങളുടെ നിർമാണം ആരംഭിച്ചത് ഊരുകൾക്ക് നേരിയ ആശ്വാസമായി. 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാപ്പഞ്ചായത്ത് അനുവദിച്ച 94 ലക്ഷം ചെലവിട്ടാണ് ആറ്റുമൺപുറം പാലം നിർമിക്കുന്നത്. നബാർഡ് ഫണ്ടിൽനിന്നുള്ള 1.68 കോടി രൂപയും എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 42 ലക്ഷവും ചേർത്ത് 2.10 കോടി രൂപയാണ് മണലി പാലത്തിന്റെ നിർമാണച്ചെലവ്.