കൊച്ചി : നഗരമധ്യത്തിൽ പഴമയുടെ അടയാളമായി നിൽക്കുന്ന കൊച്ചുവീട്ടിൽനിന്ന് ‘മോദി’ ഇറങ്ങിവരുമ്പോൾ കൈയിൽ ഒരു രസീതുപുസ്തകമുണ്ടായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നൽകാൻ അമൂല്യമായൊരു നിധിപോലെ സൂക്ഷിക്കുന്ന ആ രസീത് പുസ്തകത്തിന്റെ ഉടമസ്ഥനെ കണ്ടാൽ ആരുമൊന്നു ഞെട്ടും. സാക്ഷാൽ മോദിയോട് അപാരമായ രൂപസാദൃശ്യം!
കൊച്ചിയിലെ ഈ ‘മോദി’യുടെ പേര്, സന്തോഷ് കുമാർ ഷേണായ്. 1970-കളിൽ കേരളത്തിൽ ഉപയോഗിച്ച ഭാരതീയ ജനസംഘത്തിന്റെ അംഗത്വരസീത് പുസ്തകമാണ് സന്തോഷ് കുമാർ പ്രധാനമന്ത്രിക്കു നൽകാനായി സൂക്ഷിച്ചിരിക്കുന്നത്. ഇതോടൊപ്പം 1952-ലെ കൊച്ചി മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനസംഘം സ്ഥാനാർഥിയായി മത്സരിച്ച അച്ഛൻ വെങ്കിടേശ്വര ഷേണായിയുടെ തിരഞ്ഞെടുപ്പ് നോട്ടീസും.
മോദിയുടെ അപരനായത്
എറണാകുളത്തെ ടി.ഡി. റോഡിലാണു മാർബിൾ, ടൈൽസ് വ്യാപാരിയായ 62-കാരൻ സന്തോഷ് ഷേണായ് താമസിക്കുന്നത്. ‘‘ഫെയ്‌സ്‌ബുക്കിലും വാട്ട്‌സാപ്പിലുമൊക്കെ എന്റെ ഫോട്ടോ കണ്ട പലരും നരേന്ദ്രമോദിയുമായുള്ള സാദൃശ്യത്തിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്കും കൗതുകം തോന്നി. വേഷംകൂടി അങ്ങനെയാക്കിയാൽ സാക്ഷാൽ മോദിപോലും തിരിച്ചറിയില്ലെന്നു പലരും പറഞ്ഞു. അങ്ങനെ അഹമ്മദാബാദിൽനിന്ന് മോദിജി സ്‌പെഷ്യലായ കൂർത്ത കൊണ്ടുവന്നു ധരിക്കാൻ തുടങ്ങി. പൈജാമ ജയ്‌പുരിൽനിന്നാണു കൊണ്ടുവരുന്നത്. മോദിജി കുത്തുന്നതുപോലെ കൂർത്തയുടെ പോക്കറ്റിൽ പേനയും കുത്താൻ തുടങ്ങിയതോടെ കൃത്യം മോദിജിയായെന്നാണ് എല്ലാവരും പറയുന്നത്...’’ -സന്തോഷ് പറഞ്ഞു.
പൂജാരിയും ആത്മനിർഭറും
കുടുംബക്ഷേത്രത്തിലെ പൗരോഹിത്യത്തിനായി 1997-ൽ മന്ത്രദീക്ഷ എടുത്തതോടെയാണ് സന്തോഷ് താടി വളർത്താൻ തുടങ്ങിയത്. താടി നരച്ചുതുടങ്ങിയതോടെ മോദിയുടെ രൂപസാദൃശ്യം ഏറി. തിരഞ്ഞെടുപ്പ് കാലത്ത് മോദി ഡ്യൂപ്പിന് ഒട്ടേറെ ആവശ്യക്കാർ വരുന്നുണ്ടെങ്കിലും പ്രചാരണത്തിനൊന്നും സന്തോഷ് പോയിട്ടില്ല.
കേരള സർവകലാശാലയിൽനിന്ന് സ്വർണമെഡലോടെ ഒന്നാം റാങ്കിൽ എം.എ. എക്കണോമിക്‌സ് വിജയിച്ച സന്തോഷ് സർവകലാശാലയുടെ കബഡി ടീമിലും അംഗമായിരുന്നു. ജീവിതത്തിലും പ്രധാനമന്ത്രിയുടെ 'ആത്മനിർഭർ' സന്ദേശം സന്തോഷ് പിന്തുടരുന്നുണ്ട്. നഗരമധ്യത്തിലെ വീട്ടിൽ ആറു പശുക്കളെ വളർത്തുന്ന സന്തോഷ് പുതിയ വീടിന്റെ മട്ടുപ്പാവിൽ ജൈവകൃഷിയും ചെയ്യുന്നുണ്ട്.
തിരഞ്ഞെടുപ്പ് നോട്ടീസും പഴയവീടും
1966-ൽ ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം കൊച്ചിയിൽ നടന്നപ്പോൾ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ചേർന്നത് സന്തോഷിന്റെ വീട്ടിലായിരുന്നു. അന്നത്തെ ദേശീയ നേതാക്കളുടെ യോഗത്തിന്റെ ഓർമ നിലനിർത്താനാണ് സന്തോഷ് ഇന്നും ആ പഴയ വീട് അതേപടി നിലനിർത്തിയിരിക്കുന്നത്. ‘‘അന്ന് ജനസംഘത്തിന്റെ പേരിൽ കൊച്ചി മുനിസിപ്പാലിറ്റി കൗൺസിലിലേക്കു മത്സരിച്ച അച്ഛൻ വെറും 14 വോട്ടിനാണ് തോറ്റത്. എന്തായാലും അച്ഛന്റെ ചിത്രമുള്ള അന്നത്തെ തിരഞ്ഞെടുപ്പ് നോട്ടീസ് എനിക്ക് പ്രധാനമന്ത്രിക്ക് സമ്മാനിക്കണം...’’ -സന്തോഷ് പ്രതീക്ഷയിലാണ്.