നാഗർകോവിൽ : ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കന്യാകുമാരിയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. ചൊവ്വാഴ്ച രാത്രിമുതലാണ് ജില്ലാഭരണകൂടം വിലക്കേർപ്പെടുത്തിയതെങ്കിലും ബുധനാഴ്ച പതിവുപോലെ കന്യാകുമാരിയിൽ വിനോദസഞ്ചാരികൾ എത്തിയിരുന്നു.
ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ വിനോദസഞ്ചാരികൾക്ക് ബോധവത്‌കരണം നൽകി തിരിച്ചയച്ചുചുഴലിക്കാറ്റ് വ്യാഴാഴ്ച പുലർച്ചെയോടെ കന്യാകുമാരി മേഖല കടക്കാൻ സാധ്യതയുള്ളതിനാൽ ദേശീയ ദുരിതനിവാരണസേനയുടെ മൂന്ന് സംഘങ്ങളെ പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ തീരദേശ ഗ്രാമങ്ങൾ ഉൾപ്പെടെ 75 പ്രദേശങ്ങൾ ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങൾ ഉണ്ടാകാമെന്ന് ജില്ലാ കളക്ടർ അരവിന്ദ് മുന്നറിയിപ്പ് നൽകി. ഇവിടങ്ങളിലെ 200-ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനായി ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.
കടലിൽ മീൻപിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്തണമെന്ന് കഴിഞ്ഞ 27 മുതൽ ജില്ലാ ഭരണകൂടം അറിയിപ്പ് നൽകുന്നുണ്ട്.തൂത്തൂർ ഭാഗത്തുനിന്ന് മീൻപിടിക്കാൻ പോയ 75ഓളം ബോട്ടുകൾ കരയ്‌ക്കെത്തിയിട്ടില്ലെന്നും, ഇതിൽ 800 മത്സ്യത്തൊഴിലാളികൾ കടലിൽ അകപ്പെട്ടിട്ടുള്ളതായും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ അറിയിച്ചു.