വെള്ളറട: കനത്ത ത്രികോണമത്സരമാണ് മലയോര ഗ്രാമപ്പഞ്ചായത്തുകളായ ആര്യങ്കോട്ടും ഒറ്റശേഖരമംഗലത്തും അമ്പൂരിയിലും. മൂന്നിടത്തും ഇക്കുറി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതകൾക്കാണ്.
ആര്യങ്കോട്ട് ത്രികോണമത്സരം
: ആര്യങ്കോട് ഗ്രാമപ്പഞ്ചായത്തിൽ കേവല ഭൂരിപക്ഷമില്ലാതെയാണ് ഇടത് ഭരണം നടന്നത്. കഴിഞ്ഞ ഭരണസമിതിയിൽ എൽ.ഡി.എഫിന് ഏഴും കോൺഗ്രസിന് അഞ്ചും ബി.ജെ.പി.ക്ക് നാലു സീറ്റുകളുമാണുണ്ടായിരുന്നത്. കുറ്റിയായണിക്കാട് വാർഡിൽ എൽ.ഡി.എഫിന് എതിരേ വിമത സ്ഥാനാർഥി രംഗത്തുണ്ട്.
കഴിഞ്ഞ ഭരണസമിതിയിലെ വികസന പ്രവർത്തനങ്ങളും സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളുമാണ് എൽ.ഡി.എഫ്. പ്രചാരണായുധമാക്കുന്നത്. വികസനത്തിലൂന്നിയുള്ള പ്രവർത്തനത്തിലൂടെ ഇക്കുറി അധികം സീറ്റുകൾ കരസ്ഥമാക്കി പഞ്ചായത്ത് ഭരണം നിലനിർത്തുമെന്ന് എൽ.ഡി.എഫ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് സെക്രട്ടറി വി.മോഹനൻ പറഞ്ഞു.
എന്നാൽ, ഇക്കുറി ഭരണം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് യു.ഡി.എഫ്. നേതൃത്വം. യു.ഡി.എഫിൽ എല്ലാ സീറ്റിലും കോൺഗ്രസ് ഒറയ്ക്കാണ് മത്സരിക്കുന്നത്. വെള്ളാങ്ങൽ വാർഡിൽ യു.ഡി.എഫ്. വിമതൻ മത്സരിക്കുന്നുണ്ട്. ഇക്കുറി ഭരണം തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അരുൺ സി.പി.പറഞ്ഞു.
ഇക്കുറി എൻ.ഡി.എ.യിൽ എല്ലാ സീറ്റിലും ബി.ജെ.പി. സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ ഭരണ പോരായ്മകളും കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനവുമാണ് എൻ.ഡി.എ. മുഖ്യ വിഷയമാക്കിയിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാലിടത്ത് വിജയിക്കുകയും നാലിടത്ത് രണ്ടാം സ്ഥാനത്തും എത്തിയിരുന്നു. ഇക്കുറി പകുതിയിലധികം സീറ്റുകൾ വിജയിച്ച് കന്നി ഭരണം നടത്തുമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉന്നത്ത് പറഞ്ഞു.
ഒറ്റശേഖരമംഗലം ആർക്കൊപ്പം
: ഇടതുവലതു കക്ഷികൾ മാറി മാറി ഭരിക്കുന്ന ഒറ്റശേഖരമംഗലം പഞ്ചായത്തിൽ ഭരണം നിലനിർത്താൻ യു.ഡി.എഫും തിരികെ പ്പിടിക്കാൻ എൽ.ഡി.എഫും ശക്തി തെളിയിച്ച് കൂടുതൽ സീറ്റുകൾ നേടാൻ എൻ.ഡി.എ.യും കരുക്കൾ നീക്കുമ്പോൾ തിരഞ്ഞെടുപ്പ് ആവേശ പ്പോരാട്ടത്തിലേക്കു നീങ്ങുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോൾ യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യ സീറ്റുകൾ ലഭിച്ച് ഭരണം ത്രിശങ്കു അവസ്ഥയിലേക്കു നീങ്ങി.
14 സീറ്റുകളിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും അഞ്ചുവീതവവും ബി.ജെ.പി.ക്ക് രണ്ടും രണ്ട് സ്വതന്ത്രരുമാണ് വിജയിച്ചത്. പിന്നീട് രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ യു.ഡി.എഫ്. ഭരണം കരസ്ഥമാക്കുകയായിരുന്നു. മണക്കാല വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി എൽ.എഡി.എഫിന്റെ സാധ്യതകളെ ബാധിക്കും. സീറ്റ് നൽകാത്തതിനെത്തുടർന്ന് മുസ്‌ലിം ലീഗ് ഇടതുപക്ഷത്തിന് പിന്തുണ നൽകുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ വികസനവും തങ്ങൾക്ക് അനുകൂലമാകുമെന്നും കൂടുതൽ സീറ്റുകൾ കരസ്ഥമാക്കി ഭരണം തിരിച്ചുപിടിക്കുമെന്നും എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് സെക്രട്ടറി ചന്ദ്രബാബു പറഞ്ഞു.
പഞ്ചായത്തിൽ നടപ്പിലാക്കിയ വികസനവും സംസ്ഥാന സർക്കാരിന്റെ ഭരണ പോരായ്മകളും ഇക്കുറി പ്രതിഫലിക്കുമെന്നും 10 ലധികം സീറ്റുകൾ നേടി ഭരണത്തുടർച്ചയുണ്ടാകുമെന്നും യു.ഡി.എഫ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ചെയർമാൻ എൽ.വി.അജയകുമാർ പറഞ്ഞു.
ശബരിമല വിഷയവും ഗ്രാമീണമേഖലയിലെ മോദി സർക്കാരിന്റെ ജനോപകാര പദ്ധതികളും എൻ.ഡി.എ. സ്ഥാനാർഥികൾക്ക് അനുകൂലമാകുമെന്നും കൂടുതൽ സീറ്റുകൾ വിജയിച്ച് പഞ്ചായത്തിലെ നിർണായക കക്ഷിയായി മാറുമെന്നും എൻ.ഡി.എ. തിരഞ്ഞെടുപ്പ് ചെയർമാൻ കുന്നനാട് ജയചന്ദ്രൻ പറഞ്ഞു.
അമ്പൂരിയിൽ ഒന്നാമതെത്താൻമുന്നണികൾ
: മലയോര കുടിയേറ്റ കർഷക ഗ്രാമപ്പഞ്ചായത്തായ അമ്പൂരിയിൽ ഭരണം ഉറപ്പിക്കാൻ മുന്നണികൾ എല്ലാ അടവുകളും പയറ്റുകയാണ്.
ഇടതും വലതും കക്ഷികളുടെ മാറി മാറിയുള്ള ഭരണമാണ് ഇവിടെ നടക്കുന്നത്. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത കഴിഞ്ഞ ഭരണസമിതിയിൽ എൽ.ഡി.എഫിനാണ് ഭരണം. കഴിഞ്ഞ 13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫിന് ആറ്, യുഡി.എഫിന് അഞ്ച്, ബി.ജെ.പി.ക്ക് രണ്ടും സീറ്റുകളാണുള്ളത്. പഞ്ചായത്തിലൂടനീളം നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയതിലൂടെ കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകൾ നേടി ഭരണം നിലനിർത്തുമെന്ന് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കുടപ്പനമൂട് ബാദുഷ പറഞ്ഞു.
പഞ്ചായത്തിലെ വികസന മുരടിപ്പ് തങ്ങൾക്ക് അനുകൂലമാകുമെന്നും മുഴുവൻ സീറ്റുകളും നേടി കഴിഞ്ഞ തവണ നഷ്ടമായ ഭരണം ഇക്കുറി നേടുമെന്നും യു.ഡി.എഫ്. കമ്മിറ്റി ചെയർമാൻ പറഞ്ഞു. കഴിഞ്ഞ തവണത്തെക്കാൾ ഇരട്ടിയിലധികം സീറ്റുകൾനേടി ഭരണസമിതിയിലെ നിർണായക കക്ഷിയാകുമെന്ന് ബി.ജെ.പി.