തൊളിക്കോട് : പഞ്ചായത്തിലെ മരുതുമ്മൂട് ആനപ്പെട്ടി റോഡിൽ പരപ്പാറ ഭാഗം വെള്ളക്കെട്ടായി. ആഴ്ചകളായി ഈ നിലയാണെങ്കിലും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പരപ്പാറ, കണ്ണങ്കര ജങ്ഷനുകൾക്കിടയിലുള്ള റോഡിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. മരുതുമ്മൂട് ജങ്ഷനിൽനിന്നു തുടങ്ങി കണ്ണങ്കര, ആനപ്പെട്ടി വഴി പുളിമൂട് ജങ്ഷനടുത്തുള്ള ഇരപ്പിലാണ് ഈ റോഡു വന്നുചേരുന്നത്. ദിവസവും നിരവധി വാഹനങ്ങൾ ഇതുവഴിയുണ്ട്.
എന്നാൽ, വളവുകൾ നിറഞ്ഞതും അശാസ്ത്രീയവുമായ റോഡിനെക്കുറിച്ച് നേരത്തെ പരാതിയുണ്ട്. വീതി കൂട്ടി നവീകരിക്കണമെന്ന ആവശ്യത്തിനാകട്ടെ ഏറെ പഴക്കവുമുണ്ട്. ഓടയില്ലാത്തതാണ് പ്രധാന പ്രശ്നം. നേരത്തെ ഇട്ട ടാറും ചല്ലിയുമിളകി മാറി ഇവിടെ മഴവെള്ളം കെട്ടിനിൽക്കാൻ തുടങ്ങി. ക്രമേണ നീളത്തിലുള്ള വലിയ ഗട്ടറായതോടെ വെള്ളക്കെട്ടായി മാറുകയായിരുന്നു.
മഴ പെയ്താൽ ആഴ്ചകളോളം വെള്ളം കെട്ടിനിൽക്കുന്നതായി നാട്ടുകാർ പറയുന്നു. ഇതുവഴിയുള്ള ഇരുചക്രവാഹനയാത്രികരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള കാൽനടയാത്രക്കാർക്ക് റോഡു കടക്കണമെങ്കിൽ നന്നേ ബുദ്ധിമുട്ടണം.