വെഞ്ഞാറമൂട് : വാമനപുരം പഞ്ചായത്ത് കെട്ടിടത്തിന്റെ വശത്ത് കൂട്ടിയിട്ടിരുന്ന ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ കാണാതായി. കോൺഗ്രസും ബി.ജെ.പി.യും വിഷയം വിവാദമാക്കിയതിനു പിന്നാലെ നഷ്ടപ്പെട്ടതിൽ കുറച്ചു സാധനങ്ങൾ പഞ്ചായത്തിന്റെ വഴിയിലും പരിസരങ്ങളിലുമായി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. വാമനപുരം പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന വനിതാ കംപ്യൂട്ടർ സെൻറർ മറ്റൊരു ഓഫീസാക്കാൻ തീരുമാനിച്ചിരുന്നു.
അവിടെയുണ്ടായിരുന്ന കസേര, കംപ്യൂട്ടർ, യു.പി.എസ്., മേശ, ടി.വി. തുടങ്ങിയ സാധനങ്ങൾ നാലുദിവസം മുമ്പ് പഞ്ചായത്തിനോട് ചേർന്ന കെട്ടിടവരാന്തയിൽ കൂട്ടിയിട്ടിരുന്നു. വെള്ളിയാഴ്ച പകൽ ഈ സാധനങ്ങൾ കാണാതായി.
സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയാണ് ഈ സാധനങ്ങൾ വാഹനം കൊണ്ടുവന്ന് കൊണ്ടുപോയതെന്നാണ് കോൺഗ്രസും ബി.ജെ.പി.യും വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ശനിയാഴ്ച കോൺഗ്രസും ബി.ജെ.പി.യും ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നു.
ഞായറാഴ്ച രാവിലെയാണ് നഷ്ടപ്പെട്ടതിൽ പകുതിയോളം സാധനങ്ങൾ തിരികെക്കൊണ്ടിട്ടിരിക്കുന്നത് കണ്ടെത്തിയത്. പഞ്ചായത്തോഫീസിന്റെ വഴിയിലാണ് കുറച്ചു സാധനങ്ങൾ കിടന്നത്. കുറച്ചു സാധനങ്ങൾ പഞ്ചായത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഗേറ്റ് തുറന്ന് അകത്തേക്കു വലിച്ചെറിഞ്ഞിരുന്നു. കുറച്ച് സാമഗ്രികൾ പഞ്ചായത്ത് വായനശാലയുടെ വശത്തും കൊണ്ടിട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പോലീസ് പരിശോധന നടത്തി.
നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് പോലീസിനോട് ഇരു പാർട്ടിക്കാരും ആവശ്യപ്പെട്ടു. വഴിയിൽ കിടന്ന സാധനങ്ങൾ പോലീസ് പഞ്ചായത്ത് കെട്ടിടത്തിന്റെ മുറ്റത്തേക്കു മാറ്റിയിട്ടു.
പഞ്ചായത്ത് സെക്രട്ടറിക്കു തിങ്കളാഴ്ച നോട്ടീസ് കൊടുക്കുമെന്ന് എസ്.ഐ. ശ്രീകുമാർ പറഞ്ഞു. ലേലം ചെയ്തു കൊടുക്കേണ്ട സാധനങ്ങൾ നിരുത്തരവാദപരമായി പഞ്ചായത്തധികൃതർ കെട്ടിടപരിസരത്തിട്ടിരുന്നതാണ് സാധനം നഷ്ടമാകാൻ കാരണമായതെന്നാണ് പൊതുവേയുള്ള ആരോപണം.
സാധനം നഷ്ടമായി മൂന്നു ദിവസമായിട്ടും പഞ്ചായത്തധികൃതർ പോലീസിൽ പരാതി കൊടുക്കാത്തതിലും ദുരൂഹതയുണ്ട്. ഈ പ്രശ്നത്തിൽ പ്രതികരണമറിയാൻ പഞ്ചായത്ത് സെക്രട്ടറി റഫീക്കിനെ പലതവണ മൊബൈൽഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ എടുത്തില്ല.