മാറനല്ലൂർ : കുണ്ടുംകുഴിയുമായി ഗതാഗതയോഗ്യമല്ലാതെ കിടക്കുന്ന ചീനിവിള-കുഴിവിള റോഡ് നന്നാക്കുന്നില്ലെന്നു പരാതി. വർഷങ്ങളായി പൊളിഞ്ഞുകിടക്കുന്ന റോഡിൽ മഴക്കാലമായാൽ ദുരിതമെന്നാണ് നാട്ടുകാരുടെ പരാതി.
വലിയ കുഴികളിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. 2015ൽ ജില്ലാപ്പഞ്ചായത്തിന്റെ പത്തുലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത് നവീകരണം നടത്തിയ റോഡാണ് ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നത്.
ചീനിവിള ഭാഗത്തുള്ളവർക്ക് അന്തിയൂർക്കോണം, കിള്ളി ഭാഗത്തേക്കു പോകുന്നതിനുവേണ്ടി എളുപ്പമാർഗം എത്തിച്ചേരാൻ കഴിയുന്ന റോഡാണ്. റോഡ് പൊളിഞ്ഞുകിടക്കുന്നതിനാൽ അണപ്പാട് ഭജനമഠം റോഡിലൂടെയാണ് ഇവിടങ്ങളിലുള്ളവർ ഇപ്പോൾ സഞ്ചരിക്കുന്നത്.
കിഴക്കേക്കോട്ടയിൽനിന്ന് കുഴിവിള വഴി കാട്ടാക്കടയിലേക്കും, മലയിൻകീഴിലേക്കും ബസ് സർവീസ് നിലനിന്നിരുന്നു. റോഡ് തകർന്നു തുടങ്ങിയതോടുകൂടിയാണ് ഇവിടങ്ങളിലെ ബസ് സർവീസ് നിർത്തലാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്.
ചീനിവിള ഭാഗത്ത് നിന്ന് ടാക്സി വാഹനങ്ങൾ ഒന്നുംതന്നെ ഇവിടേക്ക് സർവീസ് നടത്താറില്ല.
മാസങ്ങൾക്ക് മുമ്പ് യാത്രക്കാരുമായി വന്ന ഓട്ടോ കുഴിയിൽ വീണ് മറിഞ്ഞിരുന്നു. എന്നാൽ, ആർക്കും പരിക്കു പറ്റിയിരുന്നില്ല. റോഡ് ആരംഭിക്കുന്ന ഭാഗത്തുള്ള കയറ്റിറക്കമുള്ള പ്രദേശമാണ് കൂടുതൽ പൊളിഞ്ഞുകിടക്കുന്നത്.
ഇവിടങ്ങളിൽ ഓട നിർമിച്ചുള്ള നവീകരണം നടത്തിയാൽ മാത്രമേ റോഡ് തകർച്ചയ്ക്കുള്ള പരിഹാരം കാണാൻ കഴിയൂ എന്നാണ് നാട്ടുകാർ പറയുന്നത്.
റോഡ് നവീകരണം ആവശ്യപ്പെട്ട് നാട്ടുകാരും റസിഡൻറ്സ് അസോസിയേഷനുകളും അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് ആക്ഷേപം.
നടന്നുപോകാൻപോലും കഴിയാത്ത റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.