വർക്കല : നഗരം മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ‘സർവശുദ്ധി’ പദ്ധതിയിലൂടെ നഗരസഭ തുടക്കമിട്ടു. ആദ്യപടിയായി വർഷങ്ങളായി കണ്വാശ്രമം മാലിന്യസംസ്‌കരണ പ്ലാന്റിൽ കെട്ടിക്കിടന്ന മാലിന്യങ്ങൾ നീക്കംചെയ്തു തുടങ്ങി. 250 ടൺ വരുന്ന മാലിന്യം ട്രക്കുകളിലാണ് നീക്കംചെയ്യുന്നത്.

നഗരസഭാ ചെയർമാൻ കെ.എം.ലാജി ഫ്ലാഗ് ഓഫ് ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ കുമാരി സുദർശിനി അധ്യക്ഷയായി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ നിതിൻ നായർ, മുനിസിപ്പൽ സെക്രട്ടറി എൽ.എസ്.സജി, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. ശുചിത്വ മിഷൻ ഏജൻസിയായ ഗ്രീൻ വോംസാണ്‌ മാലിന്യം നീക്കാനുള്ള കരാർ ഏറ്റെടുത്തിട്ടുള്ളത്. മാലിന്യങ്ങൾ പൂർണമായും നീക്കിയ ശേഷം പ്ലാന്റ് പുനരുദ്ധാരണം നടത്തും. ചുറ്റുമതിൽ നിർമിച്ച് ആർ.ആർ.എഫ്., വിൻഡോ കമ്പോസിങ്, എസ്.ടി.എഫ്. പ്ലാന്റ് തുടങ്ങിയ സംവിധാനങ്ങൾ സജ്ജമാക്കുമെന്ന് ചെയർമാൻ കെ.എം.ലാജി അറിയിച്ചു.