പാറശ്ശാല : അപകടകരമായനിലയിൽ കോൺക്രീറ്റ് തൂണുകളുമായി എത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറി ആർ.ടി.ഒ. ചെക്‌പോസ്റ്റിൽ തടഞ്ഞ്‌ തിരികെ അയച്ചു. പാറശ്ശാലയ്‌ക്ക് സമീപം കൊല്ലങ്കോടിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ കോൺക്രീറ്റ് പോസ്റ്റ് നിർമാണ കമ്പനിയിൽനിന്ന് അപകടകരമായനിലയിൽ തൂണുമായി വന്ന ലോറിയെ ആറ്റുപുറത്തെ ആർ.ടി.ഒ. ചെക്‌പോസ്റ്റിൽ തടഞ്ഞ് തിരികെ അയയ്ക്കുകയായിരുന്നു.

ലോറിയുടെ പിൻഭാഗത്തുനിന്ന് മൂന്ന് മീറ്ററിൽ അധികം പുറത്തേക്കു തള്ളിനിൽക്കുന്നനിലയിലാണ് തൂൺ വെച്ചിരുന്നത്. ഇത്തരത്തിൽ കോൺക്രീറ്റ് പോസ്റ്റുകൾ കൊണ്ടുപോകുന്നതിനായി മോട്ടോർ വാഹന വകുപ്പ് അഞ്ച് വാഹനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഈ വാഹനങ്ങളിൽ മാത്രമാണ് കൊണ്ടുപോകുന്നതിന് അനുമതിയുള്ളത്.

1987ൽ പുറത്തിറക്കിയ ഈ ഉത്തരവിന്റെ മറവിൽ ഇപ്പോഴും അപകടകരമായനിലയിൽ കോൺക്രീറ്റ് പോസ്റ്റുകൾ കൊണ്ടുപോകുകയാണ്.

കഴിഞ്ഞ ഒരാഴ്ചയായി ഇത്തരത്തിൽ തമിഴ്‌നാട് രജിസ്‌ട്രേഷൻ ലോറികളിൽ അപകടകരമായനിലയിലാണ് കോൺക്രീറ്റ് തൂണുകൾ കൊണ്ടുപോകുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.