പാറശ്ശാല : കാലംതെറ്റി പെയ്ത ശക്തമായ മഴയാണ് പൊതുമരാമത്ത് പണികൾക്ക് തടസ്സമായിമാറിയതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. എന്നാലും വകുപ്പിന്റെ പ്രവൃത്തികൾ ശക്തിപ്പെടുത്തുവാൻ എണ്ണയിട്ട യന്ത്രംപോലെ ചലിക്കുവാൻ പി.ഡബ്യു.ഡി. മിഷൻ ടീം രൂപവത്കരിച്ചു.

8 കോടി രൂപ അടങ്കലിൽ പരശുവയ്ക്കൽ ആലമ്പാറ പവതിയാൻവിള റിങ് റോഡിന്റെ ബി.എം.ബി.സി. നിലവാരത്തിലേക്ക് ഉയർത്തുന്ന ജോലികളുടെ നിർമാണ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രിയുടെ പ്രതികരണം. സി.കെ.ഹരീന്ദ്രൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ പരശുവയ്ക്കലിൽ നടന്ന നിർമാണോദ്ഘാടന സമ്മേളനത്തിൽ മന്ത്രി മുഹമ്മദ് റിയാസ് റോഡിന്റെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻഡാർവിൻ, പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ് മഞ്ചുസ്മിത, പഞ്ചായത്ത് അംഗം ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു.