പാറശ്ശാല : അതിർത്തി പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. തമിഴ്‌നാട്ടിൽനിന്ന് സംസ്ഥാനാതിർത്തിയിൽ ലോറികളിൽ കൊണ്ടുവന്ന് നായ്ക്കളെ ഉപേക്ഷിക്കുന്നതായാണ് നാട്ടുകാരുടെ പരാതി.

സംസ്ഥാനാതിർത്തിയോടു ചേർന്നുള്ള മേഖലയിലാണ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുള്ളത്.

പാറശ്ശാല ടൗൺ, കാരാളി, പുതുക്കുളം, പരശുവയ്ക്കൽ, ചെങ്കവിള പ്രദേശങ്ങളിലാണ് തെരുവുനായശല്യം ഏറെയുള്ളത്. രാവിലെ സ്കൂളുകളിലേക്കു നടന്നുപോകുന്ന വിദ്യാർഥികൾക്കും അതിരാവിലെ വ്യായാമത്തിനായി നടക്കാൻ ഇറങ്ങുന്നവർക്കുമാണ് ആക്രമണഭീഷണി ഏറെയും. പ്രദേശത്തുണ്ടായിരുന്ന തെരുവുനായ്ക്കളെ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി വന്ധ്യംകരിച്ചിരുന്നു. ഇതിനു പിന്നാലെ ഓരോ ആഴ്ചയിലും പ്രദേശത്ത് പുതിയ നായ്ക്കളുടെ സംഘങ്ങളാണ് കാണപ്പെടുന്നത്.

തമിഴ്‌നാട്ടിലെ തെരുവുനായ്ക്കളെ കോർപ്പറേഷൻ അധികൃതർ പിടികൂടി ടിപ്പർ ലോറികളിൽ കയറ്റി അതിർത്തിയിൽ കൊണ്ടുവിടുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതാണ് തെരുവുനായ സംഘം കൂടുന്നതിനു കാരണമായി പറയുന്നത്.

ഒരുവർഷം മുമ്പ് ഇത്തരത്തിൽ തെരുവുനായ്ക്കളുമായി എത്തിയ ടിപ്പർ ലോറി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. നായ്ക്കളെ ഇറക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാരെ കണ്ടതോടെ തിരികെ തമിഴ്‌നാട്ടിലേക്കുതന്നെ മടങ്ങുകയായിരുന്നു.

രാത്രികാലങ്ങളിൽ ഇരുചക്രവാഹനയാത്രക്കാർക്ക് തെരുവുനായസംഘം ഭീഷണിയുയർത്തുന്നു. രാത്രി വൈകി ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് പിന്നാലെ നായ്ക്കൾ കുരച്ച് എത്തുന്നത് പതിവാണ്.

കാരാളിയിലെ ചില ഹോട്ടലുകളിൽനിന്നുള്ള ഭക്ഷണമാലിന്യങ്ങൾ റോഡരികിൽ ഉപേക്ഷിക്കുന്നുണ്ട്. ഇതുകാരണം തെരുവുനായ്ക്കൾ ഈ പ്രദേശത്തു കൂടുന്നുണ്ട്.