ചിറയിൻകീഴ് : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കൂലിക്കുടിശ്ശിക നൽകാത്തതിലും വിവേചനത്തിലും പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയൻ കേന്ദ്ര ഗവൺമെന്റ് ഓഫീസുകൾക്കു മുന്നിൽ ധർണ നടത്തി.

മാസങ്ങളായി തൊഴിലാളികൾക്ക് കൂലി നൽകിയിട്ടില്ല. നേരത്തേ ഒറ്റ അക്കൗണ്ട് വഴി നൽകിയിരുന്ന കൂലി, തൊഴിലാളികളെ ജാതി അടിസ്ഥാനത്തിൽ തിരിച്ച് നൽകാനാണ് നീക്കമെന്നും പ്രതിഷേധക്കാർ പറഞ്ഞു. എസ്.സി. വിഭാഗത്തിൽ 65 കോടിയും എസ്.ടി. വിഭാഗത്തിൽ 23 കോടിയും ജനറൽ വിഭാഗത്തിൽ 120 കോടിയും കൂലിക്കുടിശ്ശികയുണ്ട്.

ആറ്റിങ്ങൽ മേഖലയിൽ കടയ്ക്കാവൂർ പഞ്ചായത്തിലെ കീഴാറ്റിങ്ങൽ പോസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന ധർണ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. രാമു ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് പോസ്റ്റോഫീസിനു മുന്നിൽ യൂണിയൻ ഏരിയാ സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര, വക്കം പോസ്റ്റോഫീസിനു മുന്നിൽ യൂണിയൻ ഏരിയാ ട്രഷറർ എസ്.സുനിൽ കുമാർ, പൊയ്കമുക്ക് പോസ്റ്റോഫീസിനു മുന്നിൽ യൂണിയൻ ഏരിയാ പ്രസിഡന്റ് പി.സി.ജയശ്രീ എന്നിവർ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ വി. ലൈജു, ഷീല, വൈസ് പ്രസിഡന്റുമാരായ ലിജാ ബോസ്, പ്രകാശ്, സി.പി.എം. നേതാക്കളായ സി. പയസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, അഫ്‌സൽ, ആർ. ജെറാൾഡ്, ടി.ഷാജു, പൊയ്കമുക്ക് ഹരി, സുജിത, സന്തോഷ്, രവി ശ്രീനിവാസൻ, രാധിക പ്രദീപ്, അജിത, പ്രദീപ്കുമാർ, സജി സുന്ദർ, ഫെമിന എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.