തിരുവനന്തപുരം : ട്രെയിൻയാത്രക്കാരിക്ക് ഭക്ഷണവസ്തു നൽകി മയക്കിക്കിടത്തിയ ശേഷം മൊബൈൽഫോൺ കവർന്നെന്ന കേസിൽ പശ്ചിമബംഗാൾ സ്വദേശിയായ പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ.

പശ്ചിമബംഗാൾ ബർദമാൻ ഗ്രാമത്തിലെ തൗസിഫി (34) നെയാണ് തിരുവനന്തപുരം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച മൊബൈൽഫോണും കണ്ടെടുത്തിട്ടുണ്ട്. സെപ്തംബർ 11-നായിരുന്നു കേസിനാസ്പദമായ സംഭവം.

നിസാമുദ്ദീൻ-തിരുവനന്തപുരം സ്വർണജയന്തി എക്സ്‌പ്രസിൽ യാത്ര ചെയ്തിരുന്ന കൗസല്യ എന്ന യാത്രക്കാരിയുടെ 15,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാണ് കേസ്. നഷ്ടപ്പെട്ട ഫോൺ സിം കാർഡ് മാറ്റി ഉപയോഗിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതാണ് നിർണായകമായത്.