ചിറയിൻകീഴ് : ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ മുന്നറിയിപ്പില്ലാതെ ശസ്ത്രക്രിയകൾ നിർത്തിവെച്ചത് രോഗികളെ വലച്ചു. ബുധനാഴ്ച അഡ്മിറ്റാവാനെത്തിയ രോഗികളാണ് വലഞ്ഞത്.

ശസ്ത്രക്രിയ മുറിയോടനുബന്ധിച്ചുള്ള ഡോക്ടർമാരുടെ വിശ്രമമുറി പെയിന്റടിക്കുന്നതിനാണ് ശസ്ത്രക്രിയകൾ ആശുപത്രി സൂപ്രണ്ട് അടിയന്തരമായി നിർത്തിവെച്ചത്. ഇത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും സൂപ്രണ്ട് നൽകിയിരുന്നില്ലെന്ന് ശസ്ത്രക്രിയ തിയേറ്ററിന്റെ ചുമതലയുള്ള അനസ്തേഷ്യ വിഭാഗം ഡോക്ടർ അറിയിച്ചു.

അടിയന്തരസാഹചര്യത്തിന് ബദൽ സംവിധാനമൊരുക്കാതെയാണ് സൂപ്രണ്ട് തിയേറ്റർ അടച്ചതെന്നും ഡോക്ടർ പറഞ്ഞു.

ഡോക്ടർമാരുടെ ആവശ്യപ്രകാരം തിയേറ്ററിലെ വിശ്രമമുറിയുടെ ചോർച്ച പരിഹരിക്കുന്നതിനും പെയിന്റടിക്കുന്നതിനുമാണ് ശസ്ത്രക്രിയ നിർത്തിവെച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷബ്‌ന പറഞ്ഞു.

ഡി.എം.ഒ.യുടെ നിർദേശപ്രകാരം ഇതുസംബന്ധിച്ച് ഡോക്ടർമാർക്ക് ചൊവ്വാഴ്ച രാത്രിയിൽ അറിയിപ്പ് നൽകിയിരുന്നതായും സൂപ്രണ്ട് പറഞ്ഞു.

ബുധനാഴ്ച ശസ്ത്രക്രിയയ്ക്ക് എത്തിയ അഞ്ചുപേരെ തിയേറ്റർ അടച്ചതിനാൽ തിരിച്ചയച്ചു. വ്യാഴാഴ്ച നടക്കേണ്ട ആറ് ഇ.എൻ.ടി. ശസ്ത്രക്രിയകളും മുടങ്ങി. ഈ രോഗികൾ കോവിഡ് പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയവരാണ്. വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ച് അഡ്മിറ്റായ അഞ്ചുരോഗികളുടെ കാര്യവും അനിശ്ചിതാവസ്ഥയിലായി.

പ്രതിമാസം നൂറ്റമ്പതോളം ശസ്ത്രക്രിയകൾ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ നടക്കുന്നുണ്ട്.

താലൂക്കാശുപത്രിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് എച്ച്.എം.സി. ചെയർമാൻകൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ കഴിഞ്ഞദിവസം ഡോക്ടർമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു.

യോഗത്തിൽ ശസ്ത്രക്രിയ മുറിയോടനുബന്ധിച്ചുള്ള ഭാഗത്തെ ശോച്യാവസ്ഥ ബോധ്യപ്പെടുത്തിയിരുന്നതായി ഡോക്ടർമാർ അറിയിച്ചു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും വിമർശനമുണ്ടായി.

ഇക്കാര്യം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂപ്രണ്ടിനെ വിളിച്ചറിയിച്ചു. തുടർന്നാണ് അടിയന്തരമായി ശസ്ത്രക്രിയ നിർത്തിവെച്ച് മുറി പെയിന്റടിക്കാൻ സൂപ്രണ്ട് തീരുമാനമെടുത്തതെന്നാണ് സൂചന.

എന്നാൽ ഓപ്പറേഷൻ തിയേറ്റർ അടച്ചിടാൻതക്ക അടിയന്തര സാഹചര്യം ആശുപത്രിയിൽ ഇല്ലെന്നും സൂപ്രണ്ടിന്റെ നടപടിയെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും ഡി.എം.ഒ.യെയും അറിയിച്ചിട്ടുണ്ടെന്ന് തിയേറ്ററിന്റെ ചുമതലയുള്ള അനസ്തേഷ്യവിഭാഗം ഡോക്ടർ അറിയിച്ചു.

ബദൽ സംവിധാനമൊരുക്കാതെയും ബന്ധപ്പെട്ടവരെ അറിയിക്കാതെയുമാണ് തിയേറ്റർ അടച്ചിടാൻ ആശുപത്രി സൂപ്രണ്ട് തീരുമാനിച്ചതെന്നും ഡോക്ടർ പറഞ്ഞു.