പാറശ്ശാല : കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ. പരിശോധനാഫലമോ രണ്ട് വാക്സിനേഷൻ നടത്തിയ സർട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന നിബന്ധനയുമായി തമിഴ്‌നാട്.

കേരളത്തിൽ കോവിഡ് രോഗവ്യാപനത്തോത് വർധിക്കുന്നതു ചൂണ്ടിക്കാട്ടിയാണിത്.

കേരളത്തിന്റെ അതിർത്തിപ്രദേശത്തെ ജനങ്ങളിൽ നല്ലൊരു ശതമാനവും ദൈനദിന ആവശ്യങ്ങൾക്കായി ഇരു സംസ്ഥാനത്തേക്കും യാത്രചെയ്യുന്നവരാണ്. നിയന്ത്രണങ്ങൾ ഏറെ ബാധിക്കുന്നത് ഇവരെയാണ്. ചെറുകിട വ്യാപാരികളെയടക്കം ഇതു നേരിട്ടു ബാധിക്കും. ചെറുകിട കച്ചവടക്കാർ കളിയിക്കാവിളയിലെ മൊത്തവിതരണക്കാരിൽനിന്നാണ് സാധനങ്ങൾ വാങ്ങുന്നത്. അതിർത്തി അടയ്ക്കുന്നതോടെ ഇതു പൂർണമായും നിലയ്ക്കും. കന്യാകുമാരി ജില്ലയിൽനിന്നുള്ള കെട്ടിടനിർമാണ തൊഴിലാളികൾ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തുന്നുണ്ട്. നിയന്ത്രണം ശക്തമാക്കുന്നതോടെ തൊഴിലാളികളുടെ വരവിന് കുറവുണ്ടാകും.