നാഗർകോവിൽ : ചെന്നൈ ഉൾപ്പെടെ തമിഴ്നാടിന്റെ ചില ഭാഗങ്ങളിൽ കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ കന്യാകുമാരി ഉൾപ്പെടെ തമിഴ്‌നാട്ടിൽ ക്ഷേത്രദർശനത്തിന് വിലക്ക് ഏർപ്പെടുത്തി. ഞായറാഴ്ച മുതൽ കർക്കടക വാവ് വരെയുള്ള ദിവസങ്ങളിലാണ് ക്ഷേത്രങ്ങളിൽ ദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയത്.

കൂട്ടത്തോടെയുള്ള ബലിതർപ്പണം ഒഴിവാക്കാൻ കടൽ തീരങ്ങളിലും ആറുകളുടെ കരയിലും ജനങ്ങൾ കൂടുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ക്ഷേത്രദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയ തമിഴ്‌നാട് സർക്കാരിന്റെ നടപടിക്ക് ബി.ജെ.പി. കന്യാകുമാരി ജില്ലാഘടകം പ്രതിഷേധം അറിയിച്ചു.

മറ്റു ആരാധനാലയങ്ങളിൽ വിലക്ക് ഏർപ്പെടുത്താതെ ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം വിലക്ക് ഏർപ്പെടുത്തിയതായി ആരോപിച്ചാണ് പ്രതിഷേധം അറിയിച്ചത്. ഞായറാഴ്ച നാഗർകോവിൽ നാഗരാജ ക്ഷേത്രത്തിന്റെ അടച്ചിട്ടിരുന്ന പ്രവേശന കവാടത്തിന് മുന്നിൽ ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. സർക്കാർ തീരുമാനം മാറ്റിയില്ലെങ്കിൽ ചൊവ്വാഴ്ച പ്രധാന ക്ഷേത്രങ്ങൾക്ക് മുന്നിൽ പ്രകടനം നടത്തുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ധർമരാജ് അറിയിച്ചു.