തിരുവനന്തപുരം : ട്രിവാൻഡ്രം റബ്ബർ വർക്സിന്റെ നാഡീസ്പന്ദനം നിലച്ചിട്ടു ദശാബ്ദങ്ങളായി. അനന്തപുരിയിലെ നൂറുകണക്കിനാളുകൾക്ക് ജോലിനൽകിയിരുന്ന സ്ഥാപനം. സമസ്തമേഖലയിലെയും ജനങ്ങൾക്കാവശ്യമായ സാധനങ്ങൾ ഉല്പാദിപ്പിച്ചിരുന്ന ഫാക്ടറിയായിരുന്നു റബ്ബർ വർക്സ്. സൈക്കിൾ ഡ്രിം, ട്യൂബ്, ആശുപത്രിയുപകരണങ്ങൾ, മെത്ത, ഹോസ്, ടയർ, വിദ്യാർഥികൾക്കാവശ്യമായ ഉപകരണങ്ങൾ, സൈക്കിളുകൾ, ബസ് ടയർ തുടങ്ങിയവ ഉല്പാദിപ്പിച്ചിരുന്ന ഈ ഫാക്ടറി വിദേശങ്ങളിൽപ്പോലും പേരുകേട്ടിരുന്നു.

കടപ്പുറത്തെ ചാക്കയിലാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. അതിനു മുമ്പ്്് ഈ സ്ഥലം തീവണ്ടി ഓഫീസായിരുന്നു. 1935 ഓഗസ്റ്റ് 17-നാണ് തിരുവിതാംകൂർ റബ്ബർ ഫാക്ടറി മഹാരാജാവ് ശ്രീചിത്തിരതിരുനാൾ ഉദ്ഘാടനം ചെയ്തത്. അന്ന് ഇന്ത്യയിലെ 75 ശതമാനം റബ്ബറും ഉല്പാദിപ്പിച്ചിരുന്നത് തിരുവിതാംകൂറാണ്.

ലോകത്തെ മറ്റു റബ്ബർ ഉല്പാദനരാജ്യങ്ങളുമായി കയറ്റുമതി നിരോധന ഉടമ്പടിയുള്ളതിനാലാണ് തിരുവിതാംകൂറിൽ റബ്ബർകൊണ്ടുള്ള വ്യവസായങ്ങൾക്കു തുടക്കംകുറിച്ചത്. പ്രശസ്ത റബ്ബർ വിദഗ്ദ്ധൻ ഹെലനായിരുന്നു ഫാക്ടറിയുടെ ഉപദേശകൻ. യൂറോപ്പിൽനിന്ന്‌ ഏറ്റവും ആധുനികമായ ഉപകരണങ്ങളാണ് സർക്കാർ വരുത്തിയത്.

വളരെ വേഗം ഇവിടത്തെ ഉല്പന്നങ്ങൾ ഇന്ത്യയൊട്ടാകെ കീർത്തികേട്ടു. ഇവിടെ നിർമിച്ചിരുന്ന സൈക്കിൾ ട്യൂബുകൾ ബ്രിട്ടനിലെ പ്രശസ്ത കമ്പനികൾപോലും ഉപയോഗിക്കാൻ തുടങ്ങി.

ഐക്യകേരള രൂപവത്കരണം വരെ ഈ സ്ഥാപനം നല്ല നിലയിൽ പ്രവർത്തിച്ചിരുന്നു. അതിനു ശേഷം ഇതിന്റെ തകർച്ച തുടങ്ങി.

ഈ ഫാക്ടറിയോടൊപ്പം സൈക്കിൾ നിർമാണ കമ്പനി കേരള സർക്കാർ പിന്നീട് ആരംഭിച്ചു. എന്നാൽ, എല്ലാ പരിഷ്കാരങ്ങളും പരാജയപ്പെട്ടു.

എന്നിട്ടും മറ്റ് കമ്പനികൾക്ക് റബ്ബർ അരച്ചുകൊടുത്ത് ഈ ഫാക്ടറി ലാഭമുണ്ടാക്കിക്കൊണ്ടിരുന്നു. എറ്റവുമൊടുവിൽ കെ. എസ്.ആർ.ടി.സി. ഈ ഫാക്ടറിയെ ഏറ്റെടുത്തു. ബസുകൾക്കുള്ള ടയർനിർമാണമായിരുന്നു ലക്ഷ്യം. അതും പരാജായപ്പെട്ടതോടെ ഫാക്ടറിയുടെ സ്പന്ദനം നിലച്ചു. ഇന്നും ഇന്ത്യയിൽ കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്നത് കേരളമാണ്. കൂടുതൽ റബ്ബർ സാധനങ്ങൾ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നു സർക്കാർ വിലയ്ക്കുവാങ്ങുന്നതും ഈ സംസ്ഥാനത്തുതന്നെ. എന്നിട്ടും വിപുലമായ റബ്ബർ അധിഷ്ഠിത വ്യവസായങ്ങളെപ്പറ്റി ചിന്തിക്കാത്തത് എന്തുകൊണ്ടാണെന്ന സംശയമുണർത്തുന്നു.

1957-1958 കാലത്ത് വിരലിലെണ്ണാവുന്ന പൊതുമേഖലാസ്ഥാപനങ്ങളും ധാരാളം സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സംരംഭങ്ങളുമാണ് കേരളത്തിലുണ്ടായിരുന്നത്.

അന്നത്തെ സർക്കാർ രേഖകളിൽനിന്ന്‌ (സർക്കാർ ഹാൻഡ് ബുക്ക്്് ഓഫ് കേരള) മിക്കവാറും എല്ലാ വ്യവസായ സ്ഥാപനങ്ങളും നല്ല നിലയിൽ പ്രവർത്തിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇന്നത്തെ സർക്കാർസംരംഭങ്ങളുടെ സ്ഥിതി എന്ത്്?