കടയ്ക്കാവൂർ : തെരുവിൽ അലയുന്ന അനാഥർക്ക് വിശപ്പകറ്റാൻ പൊതിച്ചോർ നൽകിയാണ് മേൽകടയ്ക്കാവൂർ സ്വദേശി അനിൽകുമാർ ലോക്ഡൗൺ കാലത്തെ ഓരോ ദിവസവും സാർഥകമാക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ പട്ടിണിയിലായ ഒറ്റപ്പെട്ട അനാഥ ജീവിതങ്ങൾക്കു തുണയാകുകയാണ് ഒാട്ടോഡ്രൈവറായ അനിൽകുമാറിന്റെ ഈ പ്രവൃത്തി. മേൽകടയ്ക്കാവൂർ സ്റ്റാലിൻ ജങ്ഷനിൽ ഇരുപറയിൽ വീട്ടിൽ അനിൽകുമാറിന്റെ ജീവനോപാധിയായ ഓട്ടോറിക്ഷ പതിവ് ഓട്ടമില്ലാതെ വിശ്രമിക്കുകയാണ്. വിശക്കുന്നവന് അന്നമൂട്ടാൻ അനിൽകുമാറിനു സന്തോഷമേയുള്ളൂ. അവർക്ക് വയറുനിറയുമ്പോൾ കിട്ടുന്ന തൃപ്തി ഒരു വിശിഷ്ട ഭോജനത്തിനുമില്ലെന്ന് പറയാതെ പറയുകയാണ് ഈ മനുഷ്യൻ. ഒരാഴ്ചയായി മുടങ്ങാതെ തെരുവിലെ ജീവിതങ്ങൾക്ക് അനിൽകുമാർ ഭക്ഷണവും കുടിവെള്ളവും എത്തിച്ചു നൽകുന്നു. മേൽകടയ്ക്കാവൂരിൽനിന്ന് ഏഴ് കിലോമീറ്റർ ചുറ്റളവിൽ തെരുവിൽ കഴിയുന്നവർക്കാണ് ഇദ്ദേഹം ഭക്ഷണം എത്തിക്കുന്നത്. നിലയ്ക്കാമുക്ക്, കടയ്ക്കാവൂർ, വക്കം എന്നിവിടങ്ങളിലെത്തി പൊതിച്ചോർ വിതരണംചെയ്യും. വാഹനാപകടത്തിൽ പരിക്കേറ്റ് കടയ്ക്കാവൂർ ബസ് സ്റ്റാൻഡിനു സമീപത്ത് താമസിക്കുന്ന ഒരാളും അനിൽകുമാറിന്റെ ഭക്ഷണപ്പൊതി ദിനവും കാത്തിരിക്കും. സ്വന്തം പ്രയത്‌നത്തിനു പുറമേ സുമനസ്സുകളായ ആൾക്കാരുടെ വീടുകളിൽനിന്നും ഭക്ഷണപ്പൊതി ശേഖരിച്ചും വിതരണം ചെയ്യുന്നുണ്ട്.
തെരുവിൽ കഴിയുന്നവർക്ക് അന്നമൂട്ടി ഓട്ടോഡ്രൈവർ
• തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണത്തിനു പുറമേ വസ്ത്രവും വിതരണംചെയ്യുന്ന അനിൽകുമാർ